ന്യൂയോര്‍ക്ക്: കോളേജിലെ പൊതുസ്ഥലങ്ങളില്‍ ഇംഗ്ലീഷ് മാത്രം സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഇ- മെയില്‍ സന്ദേശമയച്ച പ്രൊഫസറെ സര്‍വ്വകലാശാല പുറത്താക്കി. നോര്‍ത്ത് കരോലിനയിലെ ഡ്യൂക്ക് സര്‍വ്വകലാശാല മാസ്റ്റര്‍ ഓഫ് ബയോ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവിയായിരുന്ന മേഗന് നീലിനാണ് ജോലി നഷ്ടമായത്.
ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കോളേജ് പരിസരങ്ങളില്‍ ഉച്ചത്തില്‍ ചൈനീസ് ഭാഷ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രൊഫസര്‍ ഇവര്‍ക്ക് സന്ദേശമയച്ചത്. ദയവ് ചെയ്ത് കോളേജിലെ പൊതുസ്ഥലങ്ങളില്‍ നിങ്ങള്‍ ചൈനീസ് സംസാരിക്കരുത്. അപ്രതീക്ഷിതമായ ദുരനുഭവങ്ങള്‍ ഉണ്ടായേക്കുമെന്നും പരമാവധി ഇംഗ്ലീഷില്‍ സംസാരിക്കണമെന്നുമായിരുന്നു സന്ദേശം.
സ്വന്തം ഭാഷയില്‍ സംസാരിക്കുന്നതിനാല്‍ ഇംഗ്ലീഷ് പഠിക്കാനുള്ള ശ്രമം പലരും നടത്തുന്നില്ലെന്നും മറ്റുള്ള രണ്ട് അധ്യാപകര്‍ പരാതിപ്പെട്ടതായും ചൈനീസ് സംസാരിക്കുന്നവരുടെ പേര് വിവരങ്ങള്‍ ആവശ്യപ്പെട്ടതായും നീല്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ഇന്റേണല്‍ മാര്‍ക്കുകളിലും സ്കോളര്‍ഷിപ്പിലും പ്രതിഫലിക്കാനിടയുണ്ടെന്നും നീല്‍ മുന്നറിയിപ്പ് നല്കുന്നു.
ഭാഷകാരണം വിദ്യാര്‍ത്ഥികള്‍ ഇത്തരം വിവേചനങ്ങള്‍ക്ക് ഇരയാവുന്നത് ഏറെ ദുഃഖകരമാണെന്നും അത്തരം സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും ഇ മെയിലില്‍ വ്യക്തമാക്കി. എന്നാല്‍ ഭീഷണിയുടെ സ്വരം ഉയര്‍ന്ന ഇ-മെയില്‍ സന്ദേശം വിദ്യാര്‍ത്ഥികള്‍ ട്വിറ്ററുള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇതോടെ പ്രൊഫസര്‍ക്ക് കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നു..
പോസ്റ്റ് വൈറലായതോടെ സന്ദേശം അന്താരാഷ്ട്ര ബന്ധം വരെ ഉലയ്ക്കുമെന്ന അവസ്ഥയിലെത്തിയതോടെ അധികൃതര്‍ പ്രൊഫസറെ പുറത്താക്കുകയായിരുന്നു. വംശീയ അധിക്ഷേപം നീലിന്റെ വാക്കുകളില്‍ ഉണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.