കോട്ടയം: നിരന്തരമായി എത്തുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും കാരണം പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത് പതിവ് ആയി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ പരിപാടി അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍വ്വകലാശാലകള്‍. സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളും യോജിച്ചാണ് ഈ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
അറിയിച്ചും അറിയിക്കാതെയും എത്തുന്ന ഹര്‍ത്താലുകള്‍ കാരണം വിദ്യാര്‍ത്ഥികളും അധികൃതരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇതിന് പരിഹാരമായി ഹര്‍ത്താല്‍ ദിനത്തിലും മുന്‍നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തുന്നതിനുള്ള വഴികള്‍ തിരയുകയാണ് സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളും. ഇതിനായി പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുക എന്നതുള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിച്ച് വരികയാണ്.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നടപ്പിലാക്കാന്‍ ലക്ഷ്യം വെയ്ക്കുന്നത് ഏകീകൃത പരീക്ഷ എന്ന നയമാണ്. എന്നാല്‍ അധ്യായന വര്‍ഷം തുടങ്ങുമ്പോള്‍ തന്നെ പുറത്തിറക്കുന്ന കലണ്ടര്‍ പ്രകാരം അധ്യായന ദിനങ്ങളും, പരീക്ഷകളും കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഏകീകൃത പരീക്ഷ എത്രമാത്രം നടപ്പിലാക്കാന്‍ സാധിക്കുമെന്ന് വ്യക്തമല്ല.