കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ പോക്ക് നാശത്തിലേക്കെന്ന മുന്നറിയിപ്പുമായി ബിസിസിഐക്ക് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ കത്ത്. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റിക്കെതിരായ ‘മീടു’ വെളിപ്പെടുത്തലാരോപണം കൈകാര്യം ചെയ്ത രീതിയടക്കം ചൂണ്ടികാട്ടിയാണ് ഗാംഗുലി മുന്നറിയിപ്പ് നല്‍കിയത്.
ഇത്തരത്തിലാണ് ബിസിസിഐയുടെ മുന്നോട്ട് പോക്കെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നാശം സംഭവിക്കുമെന്നും അദ്ദേഹം ചൂണ്ടി കാട്ടി.
‘ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണസംവിധാനത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് കാര്യത്തില്‍ തനിക്ക് തികഞ്ഞ ആശങ്കയുണ്ടെന്നും ഇന്ത്യയ്ക്കായി ദീര്‍ഘകാലം ക്രിക്കറ്റ് കളിച്ചിട്ടുള്ള ഒരാളെന്ന നിലയിലും ക്രിക്കറ്റിലെ ജയപരാജയങ്ങള്‍ ഏറെക്കാലം ജീവിതത്തിന്റെ ഭാഗമായിരുന്നതിനാലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ എനിക്ക് ഏറെ പ്രധാനമാണെന്നും കത്തില്‍ ഗാംഗുലി പറയുന്നു.
ഏറെ ആശങ്കയോടെയാണ് താന്‍ കത്തെഴുതുന്നതെന്നും കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോക്ക് പ്രതീക്ഷയ്ക്കൊത്ത രീതിയിലല്ല എന്നും കത്തില്‍ ഗാംഗുലി ചൂണ്ടികാട്ടി. ഇന്ത്യന്‍ ക്രിക്കറ്റിന് സ്വന്തമായുള്ള വലിയ ആരാധക പിന്തുണ നഷ്ടമാകുമോയെന്ന ആശങ്കയും ഗാംഗുലി പങ്കുവെച്ചു.
രാഹുല്‍ ജോഹ്റിക്കെതിരായ ‘മി ടൂ’ ആരോപണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പേര് എടുത്ത് പറയാതെ ദാദ കത്തില്‍ സൂചിപ്പിച്ചിരുന്നു. ആരോപണത്തില്‍ എത്രത്തോളം സത്യമുണ്ടെന്നറിയില്ലെന്നും എന്നാല്‍ ആരോപണം ബിസിസിഐയുടെ പ്രതിച്ഛായയ്ക്ക് കാര്യമായ കോട്ടം വരുത്തിയിട്ടുണ്ടെന്നും കത്തില്‍ ഗാംഗുലി വ്യക്തമാക്കി. ആരോപണം കൈകാര്യം ചെയ്ത രീതിയെയും ഗാംഗുലി വിമര്‍ശിച്ചു.