ലോകഫുട്ബോളിലെ ഏറ്റവും പ്രശസ്ത സെലിബ്രിട്ടി ദമ്പതികളായ ഡേവിഡ് ബെക്കാമും വിക്ടോറിയയും തമ്മിലുള്ള വിവാഹബന്ധം തകര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. രണ്ടുപേരും തമ്മില്‍ നല്ല സ്നേഹത്തിലല്ലെന്നും കുടുംബത്തിന് വേണ്ടി സഹിച്ചു പോകുന്നെന്നേയുള്ളെന്നുമാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ലോകപ്രശസ്ത ഫുട്ബോള്‍ താരമായിരുന്ന ഡേവിഡ് ബെക്കാമും സ്പൈസ് ഗേള്‍സ് ബാന്റ് പാട്ടുകാരിയും ഫാഷന്‍ മോഡലുമായിരുന്ന വിക്ടോറിയയും തമ്മിലുള്ള ബന്ധം 20 വര്‍ഷം പിന്നിട്ടതോടെയാണ് ഇരുവരും അസ്വാരസ്യത്തിലാണെന്ന വാര്‍ത്ത വരുന്നത്.
കഴിഞ്ഞയാഴ്ച ഡേവിഡ് ബെക്കാം ഇക്കാര്യത്തില്‍ നല്കിയ സൂചന ഇരുവരുടെയും ആരാധകരെ ഞെട്ടിച്ചിരുന്നു. വിക്ടോറിയയുമായുള്ള ജീവിതം ബുദ്ധിമുട്ടാണ് എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ദീര്‍ഘകാലമായി ബെക്കാമും വിക്ടോറിയും തമ്മിലുള്ള സ്നേഹബന്ധത്തില്‍ വിള്ളല്‍ വീണു തുടങ്ങിയെന്ന് ഇതോടെ റിലേഷന്‍ഷിപ്പ് എക്സ്പെര്ട്ടുകള് വിശദീകരിച്ച് രംഗത്ത് വരികയും ചെയ്തു.
ഓസ്ട്രേലിയന്‍ ടെലിവിഷന്‍ ഷോയായ സണ്‍ഡേ പ്രൊജക്ടില്‍ വിവാഹജീവിതം എപ്പോഴും കഠിനാദ്ധ്വാനമാണെന്നായിരുന്നു ബെക്കാമിന്റെ പ്രതികരണം. തൊട്ടുപിന്നാലെ വിദഗ്ദ്ധര്‍ ഈ പ്രസ്താവന കീറി മുറിക്കാനും തുടങ്ങി.
എല്ലാ വിജയകരമായ വിവാഹവും കഠിനാദ്ധ്വാനമാണെന്നും അതാണ് വിജയമാക്കി മാറ്റുന്നതെന്നും ഒരു വിഭാഗം പറഞ്ഞപ്പോള്‍ എല്ലാ വിവാഹജീവിതത്തിലെയും പ്രണയം വെറും രണ്ടോ മൂന്നോ വര്‍ഷം മാത്രമേ നില നില്ക്കുകയുള്ളൂ എന്നാണ് മറുവിഭാഗത്തിന്റെ വാദം. ഈ കാലഘട്ടത്തില്‍ സ്വന്തം പങ്കാളിയാണ് ഏറ്റവും അതിശയകരമായ വ്യക്തിയെന്ന് ഏവരും കരുതും.
എപ്പോള്‍ വേണമെങ്കിലും പ്രണയം പങ്കിടാന്‍ തയ്യാറാണെന്ന കാഴ്ചപ്പാട് ദിനാന്ത്യം ഒന്നിപ്പിക്കുകയും ചെയ്യും. കാലം കടന്നുപോകുമ്പോള്‍ വൈകാരിക പ്രണയം അവസാനിക്കുന്നതോടെ എല്ലാറ്റിനും മാറ്റം വരുമെന്നും അവര്‍ വിലയിരുത്തുന്നു.
പ്രണയിച്ചു വിവാഹിതരായ ബെക്കാമിനും വിക്ടോറിയയ്ക്കും ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നാലു മക്കളാണുള്ളത്. റോമിയോ, ഹാര്‍പ്പര്‍, ക്രൂസ്, ബ്രൂക്ക്ലീന്‍. ബെക്കാം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സൂപ്പര്‍താരമായിരിക്കുമ്പോള്‍ സ്പൈസ് ഗേള്‍സ് എന്ന വിഖ്യാത ഇംഗ്ളീഷ് ബാന്റിലെ പ്രധാന ഗായികയായിരുന്നു വിക്ടോറിയ.
ഫുട്ബോളില്‍ നിന്നും വിരമിച്ച ശേഷം ബിസിനസിലേക്ക് തിരിഞ്ഞ ബെക്കാം അമേരിക്കന്‍ ലീഗിലെ ഒരു ടീമിനെ സ്വന്തമാക്കിയിരുന്നു. വിക്ടോറിയയാകട്ടെ സംഗീത മേഖല വിട്ട ശേഷം ഫാഷന്‍ മോഡലിംഗിലേക്കും ഡിസൈനിംഗിലേക്കും ചേക്കേറുകയായിരുന്നു.