വടക്കാഞ്ചേരി: കരള്‍രോഗം മൂര്‍ഛിച്ച ആത്മസുഹൃത്തിനു കരള്‍ പകുത്തുനല്കി, ശസ്ത്രക്രിയയ്ക്കുള്ള പണം സമാഹരിച്ചും കൃഷ്ണദാസിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് പ്രിയ സുഹൃത്ത് സനൂപ്. കരള്‍രോഗം മൂര്‍ഛിച്ചു കൊച്ചി അമൃത ആശുപത്രിയിലെ വെന്റിലേറ്റര്‍ ഐസിയുവില്‍ കഴിഞ്ഞിരുന്ന ആത്മസുഹൃത്ത് കുമരനെല്ലൂര്‍ സ്വദേശി കൃഷ്ണദാസിന് (30) ആണ് കുമ്പളങ്ങാട് കരിമ്പനവളപ്പില്‍ സനൂപ് (30) കരള്‍ പകുത്തു നല്‍കിയത്.
ബികോമിന് ഒന്നിച്ചു പഠിച്ചവരാണ് ഇരുവരും. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണു കൃഷ്ണദാസിന്റെയും സനൂപിന്റെയും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും. കുമരനെല്ലൂര്‍ കൊടയ്ക്കാടത്തു പുത്തന്‍വീട്ടില്‍ വേണുഗോപാലിന്റെയും ഗീതയുടെയും മകനാണു കൃഷ്ണദാസ്. തൃശൂര്‍ മിലിറ്ററി കന്റീനിലെ സെയില്‍സ്മാനായ സനൂപ് കുമ്പളങ്ങാട് കരിമ്പനവളപ്പില്‍ രാധാകൃഷ്ണന്-വത്സല ദമ്പതികളുടെ മകനാണ്.
ഗള്‍ഫിലെ ജോലിക്കിടയില്‍ കഴിഞ്ഞവര്‍ഷമാണു കൃഷ്ണദാസ് അവധിക്കു നാട്ടിലെത്തിയത്. അടുത്തിടെ കരള്‍രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ജ്യേഷ്ഠന് കൃഷ്ണനുണ്ണിയുടെ ആകസ്മിക മരണം കൂടിയായപ്പോള്‍ കൃഷ്ണദാസിന്റെ കുടുംബം തളര്‍ന്നു. മഞ്ഞപ്പിത്തം കൂടി ബാധിച്ചതോടെ കൃഷ്ണദാസിന്റെ സ്ഥിതി ഗുരുതരമായി.
കരള്‍ മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കുള്ള പണം സുഹൃത്തുക്കളും വിവിധ സംഘടനകളും ചേര്‍ന്നു സമാഹരിച്ചു. അതിനു നേതൃത്വം കൊടുത്തതും സനൂപാണ്. കരള്‍ദാതാവിനെ അന്വേഷിച്ചു നടക്കേണ്ടതില്ലെന്നും താന്‍ സന്നദ്ധനാണെന്നും സനൂപ് അറിയിച്ചതോടെയാണ് ശസ്ത്രക്രിയയ്ക്കു വഴി തെളിഞ്ഞത്.