കൊടുങ്ങല്ലൂർ: മൺമറഞ്ഞിട്ടും മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്ന ചിരിനാദമാണ് ചാലക്കുടിയുടെ സ്വന്തം കലാഭവൻ മണി. താരത്തിനോടുള്ള ആദരസൂചകമായി നാൽപ്പതടി വലുപ്പത്തിൽ കാപ്പിക്കുരുകൊണ്ട് കലാഭവൻ മണിയുടെ ചിത്രം വരച്ചിരിക്കുകയാണ് കലാകാരനായ ഡാവിഞ്ചി സുരേഷ്.
വയനാട്ടിലെ കൊളഗപ്പാറയിൽ എംകെ ജിനചന്ദ്രന്റെ വിജയ എസ്റ്റേറ്റിലുള്ള കാപ്പിക്കുരു ഉണക്കാനിടുന്ന കളത്തിലാണ് കലാഭവൻ മണിയുടെ വലിയ ചിത്രം ഡാവിഞ്ചി സുരേഷ് കാപ്പിക്കുരുകൊണ്ട് പൂർത്തിയാക്കിയത്. നിരവധി മീഡിയങ്ങളിൽ ചിത്രം വരയ്ക്കുന്ന ഡാവിഞ്ചി സുരേഷിന്റെ അറുപത്തിയെട്ടാമത്തെ മീഡിയമാണ് കാപ്പിക്കുരു.
ചുട്ടുപൊള്ളുന്ന വെയിലിൽ എട്ടുമണിക്കൂർ സമയമെടുത്താണ് ചിത്രം വരച്ചത്. കാപ്പിക്കുരു ഉണക്കാനിടുന്ന വലിയ കളങ്ങളുടെ നടുവിൽ നാൽപ്പതടി വലുപ്പമുള്ള വെള്ളത്തുണിയുടെ മുകളിലാണ് കാപ്പിക്കുരുകൊണ്ട് ചിത്രം വരച്ചത്.
സുരേഷിന്റെ സുഹൃത്ത് നാടൻപാട്ടുകളിലൂടെ ശ്രദ്ധേയനായ ജാഫർ ഇല്ലത്തിന്റെ മണിയോടുള്ള ആരാധനയുടെ സമർപ്പണമായാണ് മണിയുടെ കാപ്പിക്കുരുച്ചിത്രം തയ്യാറാക്കിയത്.