വെള്ളാങ്ങല്ലൂര്‍: ചെറിയ പ്രായത്തില്‍ കൗതുകത്തിനായി ആരോ കഴുത്തിലിട്ട മെറ്റല്‍ വളകള്‍ ജീവന് ഭീഷണിയാകുന്ന ഘട്ടത്തിലായ തെരുവ് നായ്ക്കുട്ടികളെ മൃഗാശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തി. ബ്ലോക്ക് ജംക്ഷനിലുള്ള കൈതവളപ്പില്‍ പ്രദീപിന്റെ മോട്ടര്‍ പുരയിലാണ് തള്ളയോടൊപ്പം 3 നായ്ക്കുട്ടികളെ കഴുത്തില്‍ വളകള്‍ കരുങ്ങിയ അവസ്ഥയില്‍ കണ്ടെത്തിയത്.
രണ്ട് നായ്ക്കുട്ടികള്‍ വളകള്‍ കഴുത്തില്‍ മുറുകി അവശനിലയിലായിരുന്നു. വളകള്‍ ഊരി മാറ്റാനുള്ള ശ്രമം ഫലം കാണാതെ വന്നപ്പോഴാണ് മൃഗാശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ വളകള്‍ കഴുത്തില്‍ ആഴത്തില്‍ തുളച്ചു കയറിയ നിലയിലാണെന്ന് കണ്ടെത്തി.
പിന്നീട് കട്ടര്‍ ഉപയോഗിച്ച് വളരെ പണിപ്പെട്ടാണ് വളകള്‍ മുറിച്ചു മാറ്റിയത്. 2 നായ്ക്കുട്ടികളുടെ കഴുത്തില്‍ നിന്നായി 6 വളകളാണ് മുറിച്ചെടുത്തത്. പ്രഥമ ശുശ്രൂഷ നല്‍കിയതോടെ നായ്ക്കുട്ടികള്‍ അപകടനില തരണം ചെയ്തു.
ചെറിയ പ്രായത്തില്‍ ആരോ കൗതുകത്തിനോ മറ്റോ കഴുത്തില്‍ ഇട്ടതായിരിക്കാം വളകളെന്ന് കരുതുന്നു. കുട്ടികള്‍ വലുതായതോടെ വളകള്‍ കഴുത്തില്‍ മുറുകുകയായിരുന്നു. മുറിവ് പൂര്‍ണമായി ഭേദമാകാന്‍ 3 ദിവസത്തെ ആന്റിബയോട്ടിക് ചികിത്സയും പരിചരണവും വേണ്ടി വരുമെന്ന് സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. അജിത് ബാബു പറഞ്ഞു.
അതേസമയം, അറിഞ്ഞും അറിയാതെയും മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരത അറുതിയില്ലാതെ തുടരുകയാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ അടിയില്‍ ഉറങ്ങുകയായിരുന്ന നായ്ക്കുട്ടിയെ കാറുടമ അടിച്ച് കൊന്ന സംഭവം ദേശിയമാധ്യമങ്ങളില് വന്‍ വാര്‍ത്തയായിരുന്നു. മുംബൈ പനവേല്‍ പ്രദേശത്താണ് സംഭവം നടന്നത്.
തന്റെ കാറിന്റെ അടിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന നായ്ക്കുട്ടിയെ കാറുടമ വടി കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. സമീപത്ത് കണ്ട് നിന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.