തൃശ്ശൂര്‍: ഒട്ടേറെ ആരാധനാലയങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലും കവര്‍ച്ച നടത്തിയിരുന്നയാള്‍ ഒടുവില്‍ പോലീസ് പിടിയില്‍. തൃശ്ശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറം കരിമ്പി കെകെ ഫക്രുദ്ദീന്‍ (45) ആണ് അറസ്റ്റിലായത്. ഹോട്ടലിലെ മോഷണത്തിനിടയില്‍ കുടിച്ച മുട്ടയുടെ തോടില്‍ നിന്നും ലഭിച്ച വിരലടയാളം ഫക്രുദ്ദീന്റെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ ഷാഡോ പോലീസാണ് ഇയാളെ പിടികൂടിയത്. ആരാധനാലയങ്ങളിലാണ് ഇയാള്‍ കൂടുതലും മോഷണം നടത്തിയിരുന്നത്. കൂടാതെ പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, ആലപ്പുഴ, കണ്ണൂര്‍ എന്നീ ജില്ലകളിലെല്ലാം ഫക്രുദ്ദീന്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ് പറഞ്ഞു.
ജൂലായ് 29ന് മന്ദമരുതി മാര്‍ത്തോമ പള്ളിയിലും ജൂണ്‍ 28ന് ഇടക്കുളം സെന്റ് തോമസ് ക്നാനായ പള്ളിയിലും മോഷണം നടത്തിയിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. മദ്യപിക്കാനും ധൂര്‍ത്തടിക്കുന്നതിനുമാണ് മോഷ്ടിച്ച പണം ചെലവിട്ടിരുന്നതെന്ന് ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.