തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തെത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മിക്ക ജില്ലകളിലും അതിശക്തമായ മഴ തുടരുകയാണ്.
11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ രാത്രി തുടങ്ങിയ ശക്തമായ മഴ തുടരുകയാണ്.
തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. പത്തനംതിട്ട ജില്ലയില്‍ 2018ല്‍ പെയ്തതിനു സമാനമായി കനത്ത മഴ തുടരുകയാണ്. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റര്‍ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്.
ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. ആനത്തോട് ഡാമില്‍ ഇന്നലെ വൈകീട്ടു തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തെന്മല പരപ്പാര്‍ അണക്കെട്ട് തുറന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2391.12 അടിയായി. മുല്ലപ്പെരിയാരില്‍ ജലനിരപ്പ് 128.80 അടിയെത്തി. അതിശക്തമായ മഴയെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നിട്ടിരിക്കുകയാണ്.