തിരുവനന്തപുരം: ലോക അവയവദാന ദിനത്തില്‍ മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് മാതൃകയായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലാണ് അദ്ദേഹം സമ്മതപത്രം നല്‍കിയത്.
മരണാനന്തര അവയവദാനത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് ബോധവത്കരണം നടത്തുന്നതിന് പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കണ്‍വീനര്‍ ഡോ.സാറ വര്‍ഗീസ്, നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ സമ്മതപത്രം ഏറ്റുവാങ്ങി.
അതേസമയം, നവവധു സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് നില്ക്കുന്ന തരം ചിത്രങ്ങള്‍ പരസ്യങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ജ്വല്ലറികളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
സ്ത്രീധന വിരുദ്ധപോരാട്ടത്തില്‍ വിദ്യാര്‍ത്ഥികളോട് അണിനിരക്കാന്‍ ആഹ്വാനം ചെയ്ത കേരള ഗവര്‍ണര്‍ പൊതുസമൂഹത്തിന് മുന്നില്‍ മറ്റൊരാശയംകൂടി വെക്കുകയാണ്. വധു ആയാല്‍ സ്വര്‍ണംകൂടിയേ തീരുവെന്ന തെറ്റായ ചിന്ത വളര്‍ത്താന്‍ ഇത്തരം ചിത്രങ്ങള്‍ പ്രേരകമാകുമെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞു.