വാതിലിന്റെ മറയില്‍ നിന്ന് മുഖത്തുപോലും നോക്കാതെ, ശബ്ദം താഴ്ത്തി സംസാരിക്കുന്ന സ്ത്രീകളുടെ കാലമൊക്കെ പണ്ടേ കഴിഞ്ഞെങ്കിലും പല വാതിലുകള്‍ക്കു മറയിലും ഇന്നും ജീവിതം കഴിച്ചു കൂട്ടുന്ന സ്ത്രീകള്‍ക്ക് പ്രചോദനമായി കേരളത്തില്‍ വളര്‍ന്നുവരുന്ന ബീറ്റ് ബോക്സര്‍ ‘പെണ്‍പുലി’യാണ് തിരുവനന്തപുരം സ്വദേശി ആര്‍ദ്ര സാജന്. വേദികളില്‍ ശബ്ദങ്ങള്കൊണ്ട് അമ്മാനമാടുന്ന, കേരളത്തിന്റെ ഒരേയൊരു ലേഡീ ബീറ്റ് ബോക്സര്‍.
ഇലക്ട്രോണിക് സംഗീതോപകരണങ്ങളുടെ ശബ്ദാനുകരണമാണ് ബീറ്റ് ബോക്സിങ്. സ്വന്തം ശബ്ദത്തെ നിയന്ത്രിച്ച് സ്വന്തം വരുതിയിലാക്കി പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഈ മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം നന്നേ കുറവാണെങ്കിലും ശബ്ദങ്ങളാല്‍ ജനപ്രിയമാകുക എന്ന സ്വന്തം ലക്ഷ്യബോധത്തെ ഊട്ടിയുറപ്പിച്ച് അംഗീകാരങ്ങള്‍ വാരിക്കൂട്ടുകയാണ് ഈ പതിനേഴുകാരി.
വിദേശികള്‍ ചെയ്യുന്നത് യൂട്യൂബില്‍ എടുത്തു നോക്കി അതു കണ്ടാണ് ആര്‍ദ്ര ബീറ്റ്ബോക്സിങ് ചെയ്തു തുടങ്ങിയത്. മൂന്നുമാസം കൊണ്ട് പഠിച്ചെടുത്ത ബീറ്റ്ബോക്സിങ് സമയമെടുത്ത് പ്രാക്ടീസ് ചെയ്തു. ആദ്യമൊക്കെ ചെയ്യുമ്പോള്‍ കാറ്റുമാത്രമേ പുറത്തു വരുമായിരുന്നുള്ളൂ. പിന്നീട് സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ആദ്യമായി ബീറ്റ്ബോക്സിങ് പൊതു വേദിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. നിരന്തരമായ പരിശ്രമത്തിലൂടെയാണ് ബീറ്റ്ബോക്സിങ് വഴങ്ങിയതെന്ന് ആര്‍ദ്ര പറയുന്നു.
ബീറ്റ് ബോക്സിങ്ങിനൊപ്പം ഹിപ്പ് ഹോപ്പും ചെയ്ത് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ കൊച്ചുകലാകാരി നിരവധി വേദികളും പുരസ്കാരങ്ങളും സ്വന്തമാക്കി ഇപ്പോഴിതാ സിനിമയിലേക്കും കടന്നിരിക്കുകയാണ്. ‘ഫ്ലൂട്ട്ബോക്സിങ്’ എന്ന ഒരു പുതിയ ഒരു പരിപാടി കൂടി ചെയ്തു തുടങ്ങിയിട്ടുണ്ട് ആര്‍ദ്ര. കോവിഡ് കാലം കഴിയുമ്പോള്‍ സ്റ്റേജ് ഷോകള്‍ ചെയ്യാനാണ് കേരളത്തിന്റെ ലേഡീ ബീറ്റ് ബോക്സറുടെ പദ്ധതി.
തിരുവനന്തപുരം മാര്‍ ഈവാനിയസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണു ആര്‍ദ്ര. തിരുവനന്തപുരത്ത് ആക്കുളം എന്ന സ്ഥലത്താണ് താമസം. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ആര്‍ദ്രയ്ക്ക് എപ്പോഴുമുണ്ട്. പഠനത്തോടൊപ്പം കലയും ഒരുപോലെ കൊണ്ടുപോകണം എന്നാണ് ആര്‍ദ്രയുടെ ആഗ്രഹം.