മലയിന്‍കീഴ്: ഓടുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയ 10 വയസ്സുകാരിയെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയ അസാമാന്യ ധീരതയുടെ ഉടമ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ജോസിന് രാഷ്ട്രപതിയുടെ ജീവന് രക്ഷാ പതക്.
മലയിന്‍കീഴ് സ്വദേശിയായ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ എസ്വി ജോസാണ് രക്ഷയുടെ കരം നീട്ടി ബിഹാര്‍ സ്വദേശിയായ 10 വയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നത്. ജോസ് ചെന്നൈ എഗ്മൂര്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.
ബിഹാര്‍ സ്വദേശിയായ അശ്വനി കുമാറിന്റെ മകള്‍ അന്മോള് ശര്‍മ്മയെ (10) ആണ് ജോസ് രക്ഷിച്ചത്. 2019 ജൂണ്‍ ഒന്നിന് തഞ്ചാവൂരിലേക്ക് പോകാന്‍ എത്തിയതായിരുന്നു കുടുംബം. രാത്രി നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് പിതാവിനോടൊപ്പം ചാടി കയറാന്‍ ശ്രമിച്ച പെണ്‍കുട്ടി കാല്‍വഴുതി. എന്നാല്‍ പ്ലാറ്റ്ഫോമിലേക്കു വീഴാതിരിക്കാന്‍ അവള് വാതിലില്‍ പിടിച്ചു തൂങ്ങികിടന്നു.
പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന ജോസ് ഇത് കണ്ടു ഓടിയെത്തി. അപകടസാധ്യത വകവയ്ക്കാതെ പെണ്‍കുട്ടിയെ പ്ലാറ്റ്ഫോമിലേക്ക് കോരി കയറ്റി. ചെറിയ പരുക്കുകളോടെ കുട്ടി രക്ഷപ്പെട്ടു.
ജോസ് 14 വര്‍ഷമായി റെയില്‍വേ പോലീസില്‍ സേവനമനുഷ്ഠിക്കുന്നു. പുരസ്കാരത്തുക കലക്ടര്‍ ഡോ.നവ്ജ്യോത് ഖോസ കൈമാറി. പുരസ്കാരത്തിന്റെ മെഡല്‍ പിന്നാലെ ലഭിക്കും.
ചെന്നൈയില്‍ ജോലിക്കിടെ കഴിഞ്ഞ ദിവസം പുരസ്കാരം വാങ്ങാന്‍ ജോസ് തലസ്ഥാനത്ത് എത്തിയിരുന്നു. ഭാര്യ കെജി ഷൈജ, മകള്‍ അഞ്ചാം ക്ലാസുകാരി അനാമിക. ട്രെയിനില്‍ കയറാന്‍ പ്രയാസപ്പെട്ട 90 വയസ്സുകാരിയെ എടുത്തുകൊണ്ടു പോകുന്ന ജോസിന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു.