തിരുവനന്തപുരം: 20 രൂപയ്ക്ക് ഒന്നാന്തരം ഊണ് നല്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടല്‍ തിരുവനന്തപുരത്ത് വമ്പന്‍ ഹിറ്റ്. തിരുവനന്തപുരം ഓവര്‍ബ്രിഡ്ജിനു സമീപമുള്ള കുടുംബശ്രീ ജനകീയ ഹോട്ടലിലെ ഊണിനാണ് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറുന്നത്.
20 രൂപയ്ക്ക് ഊണും 30 രൂപ കൂടി കൊടുത്താല്‍ സ്പെഷ്യലും കിട്ടും ഇവിടെ. ഓരോ ദിവസവും ഏകദേശം രണ്ടായിരത്തോളം ആളുകളാണ് 20 രൂപയ്ക്ക് ഇവിടെ നിന്ന് ഭക്ഷണം വാങ്ങുന്നത്. രാവിലെ ഏഴുമുതല്‍ തുടങ്ങുന്ന തിരക്ക് മൂന്നുമണിവരെ തുടരും.
യാത്രക്കാരും ഓഫീസ് ജീവനക്കാരും കൂടാതെ നിരവധി വീടുകളിലേക്കും ഇവിടെ നിന്ന് ഊണ് കൊണ്ടുപോകുന്നുണ്ട്. പത്ത് ജീവനക്കാരാണ് ഈ ജനകീയ ഹോട്ടലിന്റെ നടത്തിപ്പുകാര്‍. ദിവസവും പുലര്‍ച്ചെ രണ്ട് മണിക്ക് ഇവര്‍ പാചകം തുടങ്ങും. രാവിലെ ഏഴ് മണിയാകുമ്പോള്‍ അഞ്ഞൂറോളം പേര്‍ക്കുള്ള ഭക്ഷണം തയ്യാറാകും.
ജോലിക്ക് പോകുന്നവര്‍ക്ക് വേണ്ടിയാണ് അതിരാവിലെ ഭക്ഷണം തയ്യാറാക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ശുചീകരണം മുതല്‍ അരപ്പും പൊടിപ്പും വയ്പും വിളമ്പുമെല്ലാം ഈ പത്തുപേര്‍ തന്നെ. ഹോട്ടലിലേക്ക് ആവശ്യമായ അച്ചാറുകള്‍ തയാറാക്കുന്നതും പൊടികള്‍ ഉണ്ടാക്കുന്നതുമെല്ലാം ഇവര്‍ തന്നെയാണ്. കടകളില്‍ നിന്നു പച്ചക്കറി വാങ്ങുന്നതിനു പുറമേ നാട്ടുകാരില്‍ നിന്ന് നാടന്‍ വിഭവങ്ങളും വിലയ്ക്കു വാങ്ങുന്നുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 20 രൂപ മാത്രമേ ഊണിന് വാങ്ങാനാവൂ. സ്പെഷലിന് പരമാവധി 30 രൂപയും. അടിയന്തര ഘട്ടങ്ങളില്‍ ഊണ് വേണ്ടവര്‍ വിളിക്കുമ്പോള്‍ വീട്ടിലെത്തിച്ചു കൊടുക്കുന്നുമുണ്ടെന്ന് ഇവര്‍ പറയുന്നു. തുച്ഛമായ ശമ്പളം മാത്രമെ ലഭിക്കുന്നുള്ളൂവെങ്കിലും അതില്‍ സംതൃപ്തരാണെന്നാണ് കുടുംബശ്രീ അംഗങ്ങള്‍ പറയുന്നത്.