തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ അമ്മയും സുഹൃത്തും അറസ്റ്റില്‍. ആക്കുളം പ്രശാന്ത് നഗറില്‍ പണയില്‍ വീട്ടില്‍ ആശ (35), ആക്കുളം റോഡില്‍ നെടിയവിള വീട്ടില്‍ സജു(39) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്.
ആശ തന്റെ പ്രായപൂര്‍ത്തിയാകാത്ത 15ഉം, ഏഴും വയസ്സുള്ള പെണ്‍കുട്ടികളെ ഉപേക്ഷിച്ച് സജുവിനൊപ്പം ഒളിച്ചോടി പോകുകയായിരുന്നു. യുവതിയെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കള്‍ മെഡിക്കല്‍കോളേജ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ സുഹൃത്തിനൊപ്പം പിടികൂടിയത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചുപോയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവര്‍ക്കുമെതിരേ കേസെടുത്തു. മെഡിക്കല്‍ കോളേജ് എസ്.എച്ച്.ഒ. ഹരിലാല്‍, എസ്.ഐ.മാരായ പ്രശാന്ത്, ജ്യോതിഷ്, പ്രിയ, എസ്.സി.പി.ഒ. ജ്യോതി എന്നിവരായിരുന്നു അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ ഒക്ടോബറില്‍ മലപ്പുറത്ത് ഒമ്പത് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനോടൊപ്പം ഒളിച്ചോടിയ അമ്മ അറസ്റ്റിലായിരുന്നു. കാമുകനും പിടിയിലായിരുന്നു. മലപ്പുറം ഇരുമ്പിളിയത്താണ് സംഭവം നടന്നത്. ഇരിമ്പിളിയം കൊടുമുടി സ്വദേശി ചെമ്പ്രന്മാരില്‍ സുഭാഷും 28 വയസുകാരിയായ യുവതിയുമാണ് ഒളിച്ചോടിയത്.
മൂത്തമകളെ സുഭാഷ് ലൈംഗിക പീഡനത്തിനിരയാക്കിയെന്നറിഞ്ഞിട്ടും ഇയാള്‍ക്കൊപ്പം യുവതി നാടുവിടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിന് സുഭാഷിനെതിരെയും കൂട്ട് നിന്നതിന് അമ്മക്കെതിരെയും പോക്സോ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.