തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഡോക്ടറും ചമഞ്ഞ് വീടുകളിലെത്തി സ്ത്രീകളുടെ ശരീരം പരിശോധിക്കുന്ന തട്ടിപ്പുവീരനെ തേടി പോലീസ്. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളിലാണ് ഡോക്ടറെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടറെന്നും പരിചയപ്പെടുത്തി വീടുകളില്‍ കയറിയിറങ്ങി സ്ത്രീകളുടെ ശരീരപരിശോധന നടത്തുന്നത്.
നെയ്യാറ്റിന്‍കര ,മരുതത്തൂര്‍, കണ്ണന്‍കുഴി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. നെയ്യാറ്റിന്‍കര പ്രദേശത്തെ വീടുകളിലെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതികളും പെണ്‍കുട്ടികളും വീടുകളില്‍ നിന്ന് ഇറങ്ങിയോടി അയല്‍വാസികളെ വിവരം അറിയിച്ചെങ്കിലും ഇയാള്‍ നാട്ടുകാരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഹെല്‍ത്ത് ഇന്‍സ്പെക്ടറെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ നിരവധി വീടുകളിലെത്തിയാണ് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്. വീട്ടില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പിശേഷം മുറി തുറക്കാനും ശരീരം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടതായാണ് പരാതി. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പെണ്‍കുട്ടികള്‍ ബഹളം വച്ചതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
ഇരുചക്രവാഹനത്തിലാണ് ഇയാളുടെ സഞ്ചാരം. സിസി ടിവി ദൃശ്യങ്ങളുള്‍പ്പെടെയുള്ള തെളിവുകള്‍ സമാഹരിച്ച പോലീസ് രേഖാചിത്രം തയ്യാറാക്കി ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മാരായമുട്ടം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇത്തരത്തില്‍ ഡോക്ടറോ ഹെല്‍ത്ത് ഇന്‍സ്പെക്ടറോ ചമഞ്ഞ് ആരെങ്കിലും പരിശോധനയ്ക്കെത്തിയാല്‍ വിവരം ഉടന്‍ പോലീസിനെ അറിയിക്കണമെന്ന് റൂറല്‍ പോലീസ് സെപ്ഷ്യല്‍ ബ്രാഞ്ച് അറിയിച്ചു.
ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം പദ്ധതിയുടെ ഭാഗമായി മാറിലെ കാന്‍സര്‍ പരിശോധനയ്ക്കായി എത്തിയ ഡോക്ടറാണെന്ന പേരില്‍ കഴക്കൂട്ടം, ചെമ്പഴന്തി, ശ്രീകാര്യം, വെമ്പായം, പോത്തന്‍കോട് പ്രദേശങ്ങളിലെ ചില വീടുകളില്‍ മുന്‍പ് ഒരു യുവാവ് പരിശോധനയ്ക്കായി എത്തിയിരുന്നു. മെഡിക്കല്‍ കോളേജിലെ ഡോക്ടറാണെന്നും മോഹന്കുമാറെന്നാണ് പേരെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
സ്ത്രീകളെ പരിശോധനയ്ക്ക് വിധേയനാക്കിയ ഇയാള്‍ തുടര്‍ ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജിലെത്തിയപ്പോഴാണ് അവിടെ അങ്ങനെ ഒരു ഡോക്ടറില്ലെന്ന് ബോദ്ധ്യപ്പെട്ടത്. ഈ കേസില്‍ ശ്രീകാര്യം പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും ഇതുവരെ ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.