നെടുമങ്ങാട്: പപ്പായ മരത്തിന്റെ ചുവട്ടില്‍ ദുര്‍ഗന്ധവും വല്ലാത്ത ഈച്ച ശല്ല്യവും ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയായ സ്ത്രീയ്ക്ക് തോന്നിയ വെറും ഒരു സംശയമാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം പുറംലോകം അറിയാന്‍ കാരണം. പനവൂര്‍ മാങ്കുഴിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം അരങ്ങേറിയത്. വ്യാഴാഴ്ച രാവിലെയാണ് പുറം ലോകമറിയുന്നത്.
നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ കിണറിന് സമീപം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. തോട്ടിന്‍കര കുന്നിന്‍പുറത്ത് വീട്ടില്‍ വിജി(28)യാണ് കസ്റ്റഡിയിലായത്.
ഭര്‍ത്താവുമായി പിണങ്ങി ഒന്‍പതും ആറും വയസുള്ള പെണ്മക്കള്ക്കും മാതാപിതാക്കള്‍ക്കുമൊപ്പം താമസിച്ചു വന്ന വിജി താന്‍ ഗര്‍ഭിണിയാണെന്ന വിവരം മറച്ചു വച്ചിരിക്കുകയായിരുന്നു. വയറില്‍ മുഴയാണെന്നും ശസ്ത്രക്രിയ ചെയ്യണമെന്നുമാണ് അയല്‍ക്കാരെ വിശ്വസിപ്പിച്ചിരുന്നത്.
എന്നാല്‍ ഞായറാഴ്ച രാവിലെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് കിടപ്പുമുറിയില്‍ സൂക്ഷിച്ച ശേഷം രാത്രിയില്‍ കിണറ്റിന് സമീപം കുഴിച്ചിടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
സംഭവദിവസം വിജിയുടെ അച്ഛന് മണിയനും വിജിയുടെ മക്കളും വീട്ടിലുണ്ടായിരുന്നു. വിജിയുടെ അമ്മ ബീന വീട്ടുജോലിക്കാരിയാണ്. ബാലരാമപുരം മൂലയില്‍വിളാകം പുല്ലയില്‍ക്കോണത്ത് രാജേഷാണ് വിജിയുടെ ഭര്‍ത്താവ്. നിര്‍മാണ തൊഴിലാളിയായ രാജേഷിനൊപ്പം 10 വര്‍ഷം മുന്‍പ് വിജി ഇറങ്ങിപ്പോയതാണ്. പിന്നീട് രാജേഷ്കുമാര്‍ വിജിയുമായി പിണങ്ങി അഞ്ചു വര്‍ഷമായി സ്വദേശമായ ബാലരാമപുരത്താണ് താമസം.
ജില്ലാ പൊലീസ് മേധാവി ബി അശോകന്, നെടുമങ്ങാട് തഹസില്‍ദാര്‍ എംകെ അനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നെടുമങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ മൃതദേഹം പുറത്തെടുത്തത്. അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടക്കും.