ഊരമ്പ്: മാസ്ക് ധരിക്കാതെ ചന്തയില്‍ മത്സ്യം വിറ്റവരെ പിടികൂടി ആരോഗ്യവകുപ്പ്. കൊല്ലങ്കോടിന് സമീപം തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ഊരമ്പ് ജംക്ഷനിലെ ചന്തയിലാണ് മാസ്ക് ധരിക്കാത്തവരെ കൈയ്യോടെ അധികൃതര്‍ പിടികൂടിയത്. നീരോടി മാര്‍ത്താണ്ഡം തുറ സ്വദേശിനി മരിയ ഗ്ലോറിക്കും തമിഴ്നാട്ടിലെ മണിക്കും ആരോഗ്യ വകുപ്പ് പിഴ ചുമത്തി.
മൂന്നംഗ സംഘം 2 ബാച്ചുകളായെത്തി രാവിലെ പത്തരയോടെയായിരുന്നു റെയ്ഡ്. മരിയ കാലില്‍ വീണെങ്കിലും, ഉദ്യോഗസ്ഥര്‍ പിന്മാറിയില്ല. 200 രൂപ പിഴ ചുമത്തി, രസീതിന് പുറമേ വെള്ള മാസ്കും ധരിപ്പിച്ചു. മുടിഞ്ഞുപോകുമെന്നു പ്രാകിയാണ് മരിയ 200 രൂപ നഷ്ടപ്പെട്ട ദേഷ്യം തീര്‍ത്തത്.
എന്നാല്‍ തുക ഒടുക്കാന്‍ ആദ്യം കൂട്ടാക്കാതിരുന്ന അരിക്കട ഉടമ മണി, പോലീസിനെ വിളിക്കുമെന്നു പറഞ്ഞപ്പോള്‍ പിഴയടച്ച് തടിയൂരി. ഉദ്യോഗസ്ഥരുടെ പ്രവൃത്തിയെ മണി ചോദ്യം ചെയ്തപ്പോള്‍ നാട്ടുകാര്‍ കൂടി. ഇതോടെയാണ് പോലീസിനെ വിളിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയത്.
ഹെല്‍ത്ത് ഇന്‍സ്പെക്ടറും മലയാളിയുമായ ജയചന്ദ്രബാബുവാണ് ‘മണിയെ’ പെറ്റിയടിച്ചത്. കേരളത്തില്‍ തെരഞ്ഞെടുപ്പ് ആയതിനാല്‍ വോട്ട് എതിരാകുമെന്നു കണ്ട് എല്ലാത്തരം പരിശോധനകളും ഇപ്പോള്‍ മയപ്പെടുത്തിയ സാഹചര്യത്തിലാണ് തമിഴ്നാടിന്റെ കടുത്ത നടപടി. അവിടെ തെരഞ്ഞെടുപ്പില്ല.
അതേസമയം, കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുമ്പോള്‍ കൊവിഡ് കാലമായതിനാല്‍ അധികൃതര്‍ ചില മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത് പാലിച്ച് മാത്രമേ 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് തേടി ഇറങ്ങാനാകൂ.
നിര്‍ദേശങ്ങള്‍
ഭവന സന്ദര്‍ശന സംഘത്തില്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരമാവധി 5 പേര് മാത്രമേ പാടുള്ളൂ. എല്ലാ അംഗങ്ങളും മൂക്കും വായും മൂടും വിധം ശരിയായ രീതിയില്‍ മാസ്ക് ധരിക്കുകയും പരസ്പരം അകലം പാലിക്കുകയും വേണം. സംസാരിക്കുമ്പോള്‍ മാസ്ക് താഴ്ത്തരുത്.
ആലിംഗനം, ഹസ്തദാനം, അനുഗ്രഹം വാങ്ങല്‍, ദേഹത്ത് സ്പര്‍ശിക്കുക, കുട്ടികളെ എടുക്കുക എന്നിവ ഒഴിവാക്കണം. കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. വിതരണത്തിനുള്ള നോട്ടിസുകളും ലഘുലേഖകളും പരിമിതപ്പെടുത്തണം.
വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരോട് ഒരു കാരണവശാലും ഇടപഴകരുത്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ പ്രചാരണത്തിന് ഇറങ്ങരുത്. ഹാരം, ബൊക്കെ, ഷാള്‍ തുടങ്ങിയവ സ്വീകരണ പരിപാടിയില്‍ നിന്ന് ഒഴിവാക്കണം.
പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രമേ നടത്താന്‍ പാടുള്ളൂ. യോഗങ്ങള്‍ നടത്തുന്നതിനു പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. റോഡ്ഷോ / വാഹന റാലി എന്നിവയ്ക്ക് പരമാവധി 3 വാഹനങ്ങള്‍ മാത്രം.