മുടിയൂര്‍ക്കോണം: പത്തനംത്തിട്ട മുടിയൂര്‍ക്കോണത്ത് വിചിത്രമായ ചോദ്യം ഉന്നയിച്ച് വിവരവകാശ കമ്മീഷനെ സമീപിച്ച അപേക്ഷകന് താക്കീത്. അയല്‍വാസിയുടെ വളര്‍ത്തു നായ ഓരിയിടുന്നത് എന്തുകൊണ്ടാണെന്നാണ് ഇയാളുടെ ചോദ്യം. പന്തളം മുടിയൂര്‍ക്കോണം സ്വദേശി അശോകനെയാണ് മുഖ്യ വിവരവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍ താക്കീത് നല്‍കിയത്. താക്കീതിന് പുറമേ വിവരാവകാശനിയമം ദുര്‍വിനിയോഗം ചെയ്യരുതെന്ന് കമ്മീഷണര്‍ മുന്നറിയിപ്പു നല്കി.
അയല്ക്കാരന്റെ നായ ഓരിയിടുന്നത് സംബന്ധിച്ച് 2014ലാണ് വിവരവകാശ നിയമപ്രകാരം വിചിത്ര ചോദ്യവുമായി ഇയാള്‍ മൃഗസംരക്ഷണ വകുപ്പിനെ സമീപിക്കുന്നത്. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭ്യമല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഇയാളെ അറിയിച്ചു.
തുടര്‍ന്നാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മറ്റു പരാതികളോടൊപ്പം അശോകന്റെ ആവലാതിയും വിവരാവകാശ കമ്മീഷണര്‍ ചൊവ്വാഴ്ച പരിഗണിച്ചത്.
വീഡിയോ കോണ്‍ഫറന്‍സ് മുറിയില്‍ പരാതിക്കാരനും മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി സര്ജന് ഡോക്ടര്‍ ബിജുമാത്യു, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ബിഎസ് ബിന്ദു എന്നിവരും എത്തിയിരുന്നു. വിവരാവകാശ നിയമത്തെ പറ്റി ധാരണയില്ലാതെയുള്ള അപേക്ഷ തങ്ങളുടെ സമയം പാഴാക്കുന്നതാണെന്ന് വിവരവകാശ കമ്മീഷണര്‍ വ്യക്തമാക്കി.