പൊന്നാനി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി യുവ ഫോട്ടോഗ്രാഫര്‍. സാംസങ്ങ് ഗാലക്സി സീരീസിലുള്ള എസ്9 മൊബൈലിലാണ് ജമാല്‍ പനമ്പാട് എന്ന ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തിയത്.
ശനിയാഴ്ച്ച വൈകീട്ട് 7.53നാണ് 2മിനിട്ട് സമയം ബഹിരാകാശ നിലയം കേരളത്തിന് മുകളിലുടെ പറന്നത്. ഈ സമയത്താണ് ഈ ചിത്രം പകര്‍ത്തിയത്. മള്‍ട്ടിപ്പിള്‍ എക്സ്പോഷര്‍ ഇമേജ് സ്റ്റേക്കിങ്ങ് വഴിയാണ് ഒരേ സമയം ആകാശത്തിലേയും ഭൂമിയിലേയും വെളിച്ച വിന്യാസം ഏറ്റകുറച്ചിലുകളില്ലാതെ മൊബൈലില്‍ ചിത്രീകരിച്ചത്.
ബഹിരാശ നിലയത്തെ മൊബൈലില്‍ പലരും പകര്‍ത്തിയിട്ടുണ്ടെങ്കിലും ഒരേചിത്രത്തില് ഭൂമിയിലുള്ള വ്യക്തിയുടെ മുഖവും ആകാശത്തിലുള്ള നക്ഷത്ര സമൂഹങ്ങളുടേയും ബഹിരാകാശ നിലയത്തിന്റേയും ദൃശ്യം വ്യക്തമായി വേറിട്ട് കാണാവുന്ന രീതിയില്‍ ആരും പകര്‍ത്തിയിട്ടില്ല എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
വ്യത്യസ്ഥ എക്സ്പോഷറില്‍ ഒന്നിലധികം ചിത്രങ്ങള്‍ പകര്‍ത്തി ഒരുമിച്ച് ചേര്‍ക്കുന്ന ഫോട്ടോഗ്രാഫി സാങ്കേതിക വിദ്യയാണ് മള്‍ട്ടിപ്പിള്‍ എക്സ്പോഷര്‍ ഇമേജ് സ്റ്റേക്കിങ്ങ് സാധാരണ പ്രഫഷണല്‍ ക്യാമറകളും സോഫ്റ്റ് വെയറുകളും ഉപയോഗിച്ച് ഇത്തരം ചിത്രങ്ങള്‍ പലരും ചെയ്യാറുണ്ടെങ്കിലും തീര്‍ത്തും മൊബൈലില്‍ ഇത് ചെയ്തതോടെ ചിത്രം പുറത്തുവിട്ട് മണിക്കുറുകള്‍ക്കകം തന്നെ സോഷ്യല്‍മീഡിയയിലെ ഫോട്ടോഗ്രാഫി ഗ്രൂപ്പുകളിലും ഫോറങ്ങളിലും ചിത്രം ഏറെ ചര്‍ച്ചയാവുകയും ചെയ്തു.
കോട്ടയം പ്രസ്സ്ക്ലബ്ബില്‍ നിന്നും രണ്ടാം റാങ്കോടെ ഫോട്ടോ ജേണലിസം പൂര്‍ത്തീകരിച്ച്, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി മാധ്യമസ്ഥാപനങ്ങളിലും ചില വിദേശ മാധ്യമ സ്ഥാപനങ്ങള്‍ക്കും വേണ്ടി ഡോക്യുമെന്റേഷന് ഫോട്ടോ ജേര്‍ണലിസ്റ്റായി ജോലി ചെയ്യുകയാണ് പനമ്പാട് സ്വദേശിയായ ജമാല്‍.
ക്യാമറകളുടേയും അനുബന്ധവസ്ഥുക്കളുടേയും ധാരാളിത്തവും സാങ്കേതികവിദ്യയുടെ അസ്ഥാനത്തുള്ള ഉപയോഗവും മൂലം ഫോട്ടോഗ്രാഫി എന്നത് ഫോട്ടാഗ്രാഫറുടെ കലയല്ലാതായി മാറുന്നതിനെരെ ബോധവത്കരണം എന്നനിലയിലാണ് അഞ്ച് വര്‍ഷം മുന്‍പ് ഫോട്ടോഗ്രാഫി പൂര്‍ണ്ണമായും മൊബൈലില്‍ ചെയ്യാന്‍ തുടങ്ങിയത്.
ഇപ്പോള്‍ പ്രൊഫഷണല്‍ വര്‍ക്കുകള്‍ വരെ മൊബൈലിലാണ് ചെയ്യുന്നത്. ഏറ്റവും കുറഞ്ഞ സാങ്കേതിക വിദ്യയില്‍ ഏറ്റവും മികച്ച കലാസൃഷ്ടികള്‍ ഉണ്ടാക്കുമ്പോഴാണ് തന്നിലെ കലാകാരന്റെ പൂര്‍ണ്ണമായ കലാപരത പുറത്തെടുക്കാന്‍ കഴിയുന്നത്. അത് ഒരുതരത്തിലുള്ള ഉള്ളിലെ കലാകാരനെ വെല്ലുവിളിപ്പിച്ച് മികച്ച സൃഷ്ടിപ്പ് നടത്താനുള്ള വഴിയാണ്. ഇപ്പോള്‍ അത് നന്നായി ആസ്വദിക്കാന്‍ പറ്റുന്നുണ്ടെന്ന് ജമാല്‍ പറയുന്നു.
7വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള മധ്യമ രംഗത്ത് ആദ്യമായി മോജോ വീഡിയോ ലൈവ് റിപ്പോട്ടിങ്ങിന് തുടക്കം കുറച്ചതും ജമാല്‍ ആണ്. ഇരുപത് വര്ഷര്ങ്ങള്ക്ക് മുന്‍പ് മാറഞ്ചേരി സ്കൂളില്‍ നിന്നും പൂര്‍ണ്ണമായി വിദ്യാര്‍ത്ഥികളാല്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച ഇന്ത്യയിലെ ആദ്യ സ്കൂള്‍ സിനിമയുടെ ക്യാമറാമാനയതും ജമാല്‍ ആയിരുന്നു. പത്ത് വര്‍ഷമായി കേരള ഫോട്ടോഗ്രാഫി എജ്യുക്കേഷന്‍ കൗണ്‍സില്‍ ലീഡിങ്ങ് ഫാക്കല്‍റ്റി എന്ന നിലയില്‍ കേരളത്തിനകത്തും പുറത്തുമായി നൂറിലധികം ഫോട്ടോഗ്രാഫി പരിശീലന പരിപാടികള്‍ നടത്തിയിട്ടുള്ള ജമാല്‍ മാറഞ്ചേരിയില്‍ ഫോട്ടോഗ്രാഫി സ്കൂളും നടത്തുന്നുണ്ട്.