തലയോലപ്പറമ്പ്: സ്വര്‍ണ്ണം കണ്ടു മനസ്സ് മാറിയില്ല. കയ്യില്‍കിട്ടിയ സ്വര്‍ണ്ണവള ഉടമയെ തിരികെ ഏല്‍പ്പിച്ചു നന്മയുടെ പ്രതീകമായി ടാക്സി തൊഴിലാളി. ഇറുമ്പയം കുട്ടന്‍സ് ടാക്സി ഹൗസ് തൊഴിലാളിയായ വേഴത്തറയില് സാജു(32) അണ് ഒന്നരപ്പവന്റെ സ്വര്‍ണ്ണവള ഉടമയ്ക്ക് തിരികെ നല്കി നാടിന് മാതൃകയായത്.
വെള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ അനിലിന്റെ മകളുടെ സ്വര്‍ണ വളയാണ് സാജുവിന്റെ സത്യസന്ധതയില്‍ തിരികെ കിട്ടിയത്. തലയോലപ്പറമ്പ് എജെ ജോണ്‍ സ്കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മിയുടെ ഒന്നരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ വള കഴിഞ്ഞ 25ന് വിനോദയാത്ര പോയപ്പോള്‍ അച്ഛന് അനില്‍ അലമാരയില്‍ വച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചു വച്ചു.
28ന് വീടിനു സമീപത്തെ വീട്ടില്‍ വിവാഹ ആവശ്യത്തിനു പന്തലിടാനെത്തിയ സാജു പുതിയ ഷര്‍ട്ട് ധരിച്ച് ജോലി ചെയ്യുന്നതു കണ്ട് അനില്‍ അലമാരയില്‍ വച്ചിരുന്ന പഴയ ഷര്‍ട്ട് സാജുവിന് ഇടാന്‍ കൊടുത്തു. പിന്നീടാണ് വള സാജുവിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് സാജു ജയ അനിലിന്റെ വീട്ടിലെത്തി വള മടക്കി നല്‍കുകയായിരുന്നു.