കൊല്ലം: കൊവിഡ് രോഗികളുള്ള വീടുകളില്‍ സൈക്കിള്‍ ചവിട്ടിയെത്തി മരുന്ന് നല്‍കും, അതും സൗജന്യമായി. പ്രതിസന്ധികാലത്ത് സമൂഹത്തിന് മാതൃകയായി ഒരു ഡോക്ടര്‍. ആയുര്‍വേദ ഡോക്ടറായ മൈനാഗപ്പള്ളി പള്ളിമുക്ക് ചാമത്തുണ്ടില്‍ ഹൗസില്‍ സെയ്ദ് ഷിറാസ് ആണ് ദിവസവും സൈക്കിളില്‍ കിലോമീറ്ററുകള്‍ താണ്ടി രോഗികള്‍ക്ക് മരുന്ന് എത്തിച്ചു നല്‍കുന്നത്.
25 കിലോമീറ്ററിലേറെയുള്ള സ്ഥലങ്ങളിലൊക്കെ സൈക്കിള്‍ ചവിട്ടിപ്പോയി ഇദ്ദേഹം മരുന്നു നല്‍കിയിട്ടുണ്ട്. ഏതുപ്രദേശത്തും കടന്നുചെല്ലാനുള്ള എളുപ്പവും യാത്രയ്ക്കൊപ്പം വ്യായാമമെന്ന സൗകര്യവും കണക്കിലെടുത്താണ് സൈക്കിള്‍ യാത്രയെന്നാണ് ഡോക്ടരുടെ വാദം. പിന്നെ പെട്രോള്‍ വിലയും സൈക്കിള്‍ യാത്ര തിരഞ്ഞെടുക്കാന്‍ ഒരു ഘടകമാണെന്ന് ഡോ.ഷിറാസ് പറയുന്നു. എന്നാല്‍ മാതാപിതാക്കള്‍ കരുതിയത് മകന് വ്യായാമത്തിനായി സൈക്കിള്‍ ചവിട്ടാന്‍ പോകുന്നു എന്നാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നൂറുകണക്കിന് രോഗികള്‍ക്ക് ഇങ്ങനെ മരുന്ന് എത്തിച്ചു നല്‍കിയിച്ചുണ്ട്. സന്ധ്യ കഴിഞ്ഞ് മരുന്ന് എത്തിക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്കൂട്ടറില്‍ പോകും. രോഗവിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞാണ് മരുന്നുമായി പോകുന്നത്. എത്ര നിര്‍ബന്ധിച്ചാലും പണം വാങ്ങില്ല. നേരത്തെ സഹായം അഭ്യര്‍ഥിച്ച് ചില ഫോണ്‍ വിളികള്‍ വന്നതോടെയാണ് മരുന്ന് എത്തിക്കുന്ന പതിവ് തുടങ്ങിയത്. ചികിത്സ ലഭിച്ചവര്‍ ഫോണ്‍ നമ്പര്‍ കൈമാറിത്തുടങ്ങിയതോടെ വിളികളുടെ എണ്ണം കൂടി.
കൊവിഡ് രോഗികളുള്ള വീട്ടിലേക്ക് സൈക്കിള്‍ ചവിട്ടിയെത്തി, ബാഗില്‍ നിന്ന് മരുന്ന് എടുത്തു നല്കിയിട്ടു പോകുന്നയാള്‍ ഡെലിവറി ബോയി ആയിരിക്കുമെന്നാണ് നാട്ടുകാരൊക്കെ ആദ്യം കരുതിയത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് വന്നത് ഡോക്ടറാണെന്നും കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടിയെത്തി മരുന്നു നല്‍കുന്നത് സൗജന്യമായിട്ടാണെന്നും അറിഞ്ഞത്.
സ്വന്തം വീടിനോട് ചേര്‍ന്ന് ആയുര്‍വേദ ക്ലിനിക് നടത്തുന്നുണ്ട്. അവിടേക്ക് മരുന്നുകള്‍ വാങ്ങുന്ന കൂട്ടത്തില്‍ സൗജന്യ വിതരണത്തിനുള്ളവയും സ്വന്തം ചെലവില്‍ വാങ്ങും. കൂടുതല്‍ പേര്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ ചില ആയുര്‍വേദ മരുന്ന് നിര്‍മാതാക്കളുടെ സഹായവും ഡോ. ഷിറാസ് തേടിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആയിരുന്ന സെയ്ദ് അബൂബക്കര്‍ സാഹിബിന്റെയും വീട്ടമ്മയായ ലത്തീഫ ബീവിയുടെയും മകനാണ് ഷിറാസ്. ഭാര്യ ഷിബാന ഷിറാസ് വെള്ളായണി വെള്ളായണി കാര്‍ഷിക സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിയാണ്. പാങ്ങോട് ശ്രീനാരായണ ആയുര്‍വേദ കോളജ് ബിഎഎംസ് പൂര്‍ത്തിയാക്കിയ ഡോ.ഷിറാസ് യോഗയിലും യോഗതെറപ്പിയിലും പിജി ഡിപ്ലോമ നേടിയിട്ടുണ്ട്.
നേരത്തെ പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫിസറായി ജോലി ചെയ്തിരുന്നപ്പോള്‍ തോട്ടപ്പുഴശേരി ചരല്‍ക്കുന്നിലെ സിഎഫ്എല്‍ടിസിയുടെ ചുമതല ഉണ്ടായിരുന്നു. അവിടെ വച്ച് കൊവിഡ് ബാധിതരുടെ മാനസിക ഉല്ലാസത്തിനു വേണ്ടി പിപിഇ കിറ്റ് അണിഞ്ഞ് ഡോ. ഷിറാസ് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.