കടയ്ക്കല്‍: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് 80കാരനായ വ്യാപാരിക്ക് പോലീസിന്റെ പെറ്റി. തുറക്കാത്ത പെയിന്റ് കട തുറന്ന് പ്രവര്‍ത്തിച്ചതായി കാണിച്ചാണ് കടയ്ക്കല്‍ ജംക്ഷനിലെ വ്യാപാരി ഉദയാ ഭവനില്‍ കെഎന്‍ ദേവരാജന്റെ പേരില്‍ പോലീസ് പെറ്റി കേസെടുത്തത്.
പേരും മേല്‍വിലാസവും ചോദിച്ച ശേഷം സ്റ്റേഷനില്‍ ചെല്ലാന്‍ എസ്ഐ ആവശ്യപ്പെട്ടു. ദേവരാജന്‍ സ്റ്റേഷനില്‍ എത്തി. എസ്ഐയെ കണ്ടപ്പോള്‍ കട തുറന്നതിനു കേസ് എടുക്കുമെന്നു പറഞ്ഞു. പത്രം എടുക്കാന്‍ വന്നതാണെന്നും സാധാരണ രാവിലെ കടയില്‍ എത്തി പത്രം എടുത്തു വീട്ടില്‍ പോകുന്നത് പതിവാണെന്നും ഇന്‍സ്പെക്ടറെ അറിയിച്ചു.
എന്നാല്‍ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടും പെറ്റി കേസെടുത്തവെന്നും പത്രം വീട്ടില്‍ വരുത്തി കൂടെ എന്നു ചോദിച്ചു ഇന്‍സ്പെക്ടര്‍ ആക്ഷേപിച്ചതായും ദേവരാജന്‍ ആരോപിക്കുന്നു.
സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസമായ ശനി രാവിലെ വീട്ടില്‍ നിന്നു ജംക്ഷനില്‍ എത്തി കട തുറന്നു ഷട്ടര്‍ പൊക്കിയ ശേഷം പത്രം എടുത്തു വീട്ടില്‍ പോകാന്‍ ഒരുങ്ങുമ്പോഴാണു പോലീസ് എത്തിയതെന്നാണ് ദേവരാജന്‍ പറയുന്നത്. തുക അടച്ച ശേഷം ദേവരാജന്‍ കലക്ടര്‍, റൂറല്‍ എസ്പി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്കി.