കൊല്ലം: ആറ്റില്‍ ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേ കല്ലട നിലമേല്‍ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണന് ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം. കടപുഴ പാലത്തില്‍ നിന്നും യുവതി ആറ്റിലേക്ക് ചാടുകയായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ പ്രദേശവാസികള്‍ രക്ഷിച്ച് കരയില്‍ എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ഇടയില്‍ രേവതി മരിക്കുകയായിരുന്നു.
ഭര്‍ത്താവുമായുണ്ടായ വാക്കുതര്‍ക്കമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിദേശത്ത് ജോലി ചെയ്യുന്ന സൈജുവുമായി കഴിഞ്ഞ ആഗസ്റ്റ് 30ന് ആയിരുന്നു രേവതിയുടെ വിവാഹം നടന്നത്. അതേസമയം ഭര്‍ത്താവിന്റെ മാതാപിതാക്കളുമായി യുവതിക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.