പുത്തൂര്‍: വഴിയോരത്ത് മാലിന്യം വലിച്ചെറിഞ്ഞയാളെകൊണ്ടു തന്നെ വാരിയെടുപ്പിച്ചു ‘വലിച്ചെറിയല്‍ സംസ്കാരത്തിന്’ താക്കീതു നല്കി ഒരു ഗ്രാമം. പുസ്തക ഗ്രാമത്തിന്റെ പേരും പെരുമയുമുള്ള പെരുങ്കുളത്താണ് സംഭവം.
മാലിന്യം വലിച്ചെറിഞ്ഞവരെക്കൊണ്ടു അതു വാരിയെടുപ്പിക്കുക മാത്രമല്ല, പ്രായശ്ചിത്തമായി നെല്ലിമരം നട്ടുപിടിപ്പിക്കുകയും നല്ലതു പഠിക്കാന്‍ ഗാന്ധിജിയുടെ ആത്മകഥ പുസ്തകവും നല്കി നാണംകെടുത്തിയാണ് അയാളെ മടക്കിയയച്ചത്.
ഈ മാസം 11ന് ആയിരുന്നു പെരുങ്കുളം റേഷന്‍കട ജംഗ്ഷന് മുതല്‍ കോഴിക്കോട്ടുകാവ് ക്ഷേത്ര ജംഗ്ഷന് വരെയുള്ള സ്ഥലങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ വന്‍തോതില്‍ മാലിന്യം ചാക്കില്‍ കെട്ടി തള്ളിയത്. ദുര്‍ഗന്ധം സഹിക്കാനാവാതെ ‘പ്രജ’ നാട്ടുകൂട്ടായ്മയും ഇതര സംഘടനകളും വിഷയം ഏറ്റെടുത്തു.
പഞ്ചായത്തധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു സംഭവത്തിന്റെ ഗൗരവം വിലയിരുത്തി. തുടര്‍ന്നു പ്രജ കണ്‍വീനര്‍ ശ്യാം മോഹന്‍, ജോ.കണ്‍വീനര്‍ മോഹന്‍ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്തെയും പരിസരങ്ങളിലെയും 7 സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും മാലിന്യം തള്ളിയ വാഹനത്തെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചു.
അന്വേഷിച്ചു ചെന്നപ്പോള്‍ കൊട്ടാരക്കരയിലെ ഉത്സവ സ്ഥലത്ത് ഭക്ഷണക്കട നടത്തുന്നവരുടെ വാഹനമാണ് എന്നു മനസ്സിലായി. കുന്നത്തൂരില്‍ കൊണ്ടു പോയി മാലിന്യം തള്ളാനായിരുന്നു നിര്‍ദേശമെങ്കിലും വഴി തെറ്റിയാണത്രെ ഇവര്‍ പെരുങ്കുളത്ത് എത്തിയത്. റോഡില്‍ മാലിന്യം തള്ളിയാല്‍ ഇടപെടും എന്നറിയിച്ച ആര്‍ടിഒയ്ക്കും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കും പോലീസിലും തെളിവുകള്‍ നിരത്തി നാട്ടുകാര്‍ പരാതി നല്കി.
പക്ഷെ, എന്നിട്ടും നടപടി വൈകി. ഇതില്‍ പ്രതിഷേധം ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കെ കടയുടമ പ്രജയുടെ ഭാരവാഹികളെ കണ്ട് മാപ്പു പറയാനെത്തുകയായിരുന്നു. പുത്തൂര്‍ പോലീസിന്റെ ഇടപെടലാണ് ഇതിനു സഹായമായത്. റോഡില്‍ അവശേഷിച്ച മാലിന്യം ഇവര്‍ തന്നെ വാഹനം കൊണ്ടു വന്നു നീക്കം ചെയ്യുകയായിരുന്നു. പ്രായശ്ചിത്തമായി നെല്ലിമരം നടണം എന്ന നിര്‍ദേശവും പാലിക്കപ്പെട്ടു. ഒടുവില്‍ ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പുസ്തകക്കൂട്ടില്‍ നിന്ന് ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകവും നല്‍കിയാണ് ആയാളെ വിട്ടയച്ചത്.