കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി വ്യോമയാനമന്ത്രാലയം നടത്തിയ അവലോകനത്തില്‍ വിമാനത്താവളത്തിലെ സംവിധാനങ്ങള്‍ മികച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ ഉന്നതോദ്യോഗസ്ഥര്‍ വ്യോമയാനമന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. വിമാനത്താവളത്തില്‍ രണ്ടു ദിവസം നടത്തിയ വിദഗ്ധപരിശോധന തൃപ്തികരമായിരുന്നുവെന്ന് ഡിജിസിഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വ്യോമയാനമന്ത്രാലയവും ഡിജിസിഎയും വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ പരമാവധി വേഗത്തിലാക്കുമെന്ന് ഉറപ്പുനല്‍കി. യോഗത്തില്‍ സംസ്ഥാന ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍, കിയാല്‍ എംഡി വി തുളസീദാസ്, സ്പെഷ്യല്‍ ഓഫീസര്‍ വിജയകുമാര്‍, കണ്ണൂര്‍ വിമാത്താവള എന്‍ജിനീയറിങ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടര്‍ കെപി ജോസ്, ഓപ്പറേഷന് വിഭാഗം സീനിയര്‍ മാനേജര്‍ ബിനു ഗോപാല്‍ എന്നിവരും പങ്കെടുത്തു.
കൂടാതെ വിമാനത്താവളത്തില്‍ യാത്രാവിമാനമുപയോഗിച്ച് രാത്രിയിലും പരീക്ഷണപ്പറക്കല്‍ നടത്തും. രാത്രിയില്‍ റണ്‍വേയില്‍ വിമാനമിറക്കി പരിശോധന നടത്തുന്നത് സിഗ്നല്‍ സംവിധാനമുള്‍പ്പെടെയുള്ളവയുടെ ക്ഷമത ഉറപ്പുവരുത്തുന്നതിനാണ്. ഇതിനായി എയര്‍ഇന്ത്യയുടെ വിമാനം ഈ മാസംതന്നെ കണ്ണൂരിലെത്തും. മോശം കാലാവസ്ഥയിലും വിമാനമിറക്കാന്‍ സഹായിക്കുന്ന സംവിധാനമായ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റത്തിന്റെ പരിശോധനയ്ക്ക് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ വിമാനം വീണ്ടും വിമാനത്താവളത്തിലെത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം എയര്‍ഇന്ത്യ എക്സ്പ്രസിന്റെയും ഇന്‍ഡിഗോയുടെയും പരീക്ഷണപ്പറക്കല്‍ വിജയകരമായി നടത്തിയിരുന്നു. കണ്ണൂരിലെ ലാന്‍ഡിങ് സുഗമവും സുരക്ഷിതവുമാണെന്ന അഭിപ്രായമാണ് പൈലറ്റുമാര്‍ പറഞ്ഞത്. ഈ പരിശോധനകള്‍ നടത്തിയത് ഡിവിഒആര്‍ സഹായത്തോടെയാണ്.