ചെങ്ങന്നൂര്‍: പാകിസ്താന് സേനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ പടക്കപ്പല്‍ മുങ്ങിത്താഴുന്നത് വരെ രാജ്യത്തിന് വേണ്ടി പോരാടിയ പോരാളി ജോണ്‍ തോമസിന്റെ ഭാര്യയ്ക്ക് നാവികസേനയുടെ ആദരം. ആലായിലെ മണ്ണാരേത്ത് വീട്ടിലെത്തിയാണു നാവിക സേന, ജോണ്‍തോമസിന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ സാറാമ്മ തോമസിനെ ആദരിച്ചത്.
നാവിക സേനാ വാരാചരണ ഭാഗമായി കൊച്ചിയിലെ ആസ്ഥാനത്തു സംഘടിപ്പിച്ചിരുന്ന ചടങ്ങ് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വീട്ടിലാക്കുകയായിരുന്നു. കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്തു നിന്നെത്തിയ ഉദ്യോഗസ്ഥരായ എസ്. അരുണ്‍കുമാര്‍, സച്ചിന് റാവത്, ശുഭം പതക്, രാം അവ്താര്‍ എന്നിവര്‍ ഉപഹാരം കൈമാറി. സാറാമ്മയുടെ മകന് ജോണും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. ആലാ ഗവ. എല്‍പിഎസില്‍ നിന്നു വിരമിച്ച സാറാമ്മ വിശ്രമജീവിതം നയിക്കുകയാണ്.
1971 -ലെ ഇന്തോ -പാക് യുദ്ധത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്ന ഇന്ത്യന്‍ പടക്കപ്പല്‍ ഐഎന്‍എസ് ഖുക്രിയിലെ മുന്നണി പോരാളിയാണ് ജോണ്‍ തോമസ്. പാക്സേനയുടെ ആക്രമണത്തില്‍ മുങ്ങിപ്പോയ ഖുക്രി കപ്പല്‍ മുങ്ങുന്നതിനു മുന്‍പു വരെ മികച്ച പോരാട്ടം നടത്തിയ ശേഷമാണു കടലിനു കീഴടങ്ങിയത്.
ഇന്ത്യന്‍ നാവിക ചരിത്രത്തിലെ അഭിമാനാര്‍ഹമായ പേരാണ് ഐഎന്‍എസ് ഖുക്രി. ഇന്തോ പാക് യുദ്ധത്തിനിടെ 1971 ഡിസംബര്‍ 9ന് പിഎന്‍എസ് ഹാംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ നടത്തിയ ആക്രമണത്തിലാണു ഖുക്രി പടക്കപ്പല്‍ തകര്‍ന്നത്.
കീഴടങ്ങാന്‍ അവസരം ലഭിച്ചെങ്കിലും പോരാടി വീരചരമം അടയാന്‍ സൈനികര്‍ തീരുമാനിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റന്‍ മഹേന്ദ്രനാഥ് മുള്ള ഉള്‍പ്പെടെ 18 ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥരുടെയും 176 സൈനികരുടെയും ജീവനാണ് അന്ന് അറബിക്കടലില്‍ പൊലിഞ്ഞത്. രക്ഷാബോട്ടുകളില്‍ സുരക്ഷിതരായിരുന്ന 67 പേരെ പിന്നീട് ഐഎന്‍എസ് കപ്പല്‍ രക്ഷപ്പെടുത്തി.