പുതുനഗരം : റോഡരികിൽനിന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി ബൈക്കിടിച്ച് മരിച്ചു. പടിക്കൽപ്പാടം ബ്രാഞ്ച് സെക്രട്ടറി പടിക്കൽപ്പാടം രവിയാണ് ഞായറാഴ്ച വൈകീട്ട് 5.15-ന് കൊടുവായൂർ-പുതുനഗരം പാതയിൽ ന്യൂ തിയേറ്ററിനടുത്തുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചത്. 48 വയസായിരുന്നു.
പുതുനഗരം ഭാഗത്തുനിന്ന് അമിതവേഗത്തിൽവന്ന ബൈക്ക് കൊടുവായൂർ ഭാഗത്തുനിന്നുവന്ന സ്കൂട്ടറിനെ ഇടിച്ചു. പാതയുടെ തെക്കുഭാഗത്ത് വാഹനംനിർത്തി ഫോണിൽ സംസാരിക്കയായിരുന്ന രവിയെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ രവിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽപ്പെട്ട ബൈക്കോടിച്ചത് പല്ലശ്ശന താമരപ്പാടം ആകാശാണെന്ന് (24) പുതുനഗരംപോലീസ് പറഞ്ഞു. ആകാശ് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ആകാശിന്റെ ബൈക്കുതട്ടിയ സ്കൂട്ടർയാത്രിക കരിപ്പോട് സ്വദേശിനി സജിതയ്ക്കും (32) പരിക്കേറ്റു. ആറുമുഖന്റെയും വള്ളിയുടെയും മകനാണ് രവി. ഭാര്യ: സന്ധ്യ. മക്കൾ: ആര്യ, ആർഷ. സഹോദരങ്ങൾ: രാജി, ഗീത, ഗിരിജ.