പത്തനംതിട്ട: നടൻ ധർമ്മജന്റെ ഉടമസ്ഥതയിലുള്ള ഫിഷ്ഹബ്ബിന്റെ വാഹനത്തിന് നേരെ ആക്രമണം. മീൻ എത്തിക്കുന്ന പിക്കപ്പ് വാനിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ സ്ഥാപനത്തിലെ രണ്ട് ജീവനക്കാർക്കും മർദ്ദനമേറ്റു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
പ്രദേശവാസികളാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. ഫിഷ് മാർട്ടിന് സമീപം നിർമ്മാണം നടക്കുന്ന ഫ്ളാറ്റിന് മുൻപിൽവെച്ച് വിവിധ ഭാഷാ തൊഴിലാളികളെ സംഘം മർദ്ദിച്ചിരുന്നു.
ഇത് തടയാൻ എത്തിയപ്പോഴായിരുന്നു ഫിഷ്മാർട്ടിലെ ജീവനക്കാരും ആക്രമിക്കപ്പെട്ടത്. ഇതോടെ ഇവർ മുറിക്കുള്ളിലേക്ക് ഓടിക്കയറി. ഇതോടെ ഫിഷ് മാർട്ടിന് മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനം ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ വാഹനത്തിന്റെ മുൻപിലെ ചില്ല് പൂർണമായും തകർന്ന നിലയിലാണ്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ 10 പേർക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു.