ധർമടം: ആത്മഹത്യചെയ്ത മകന്റെ മൃതദേഹം കണ്ട അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. മോസ് കോർണറിനു സമീപം ശ്രീദീപത്തിൽ 24കാരനായ ദർശനും, 65കാരനായ അച്ഛൻ സദാനന്ദനുമാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം.
ദർശൻ മുകളിലത്തെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തലശ്ശേരിയിലെ സാൻജോസ് സ്കൂളിൽ അധ്യാപികയായ അമ്മ ടി.പി.ദീപ രാവിലെ ജോലിക്ക് പോയിരുന്നു.
വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെത്തുടർന്ന് വാതിൽ പൊളിച്ചപ്പോഴാണ് മകനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടത്. ഉടൻ കുഴഞ്ഞുവീണ സദാനന്ദനെ തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയായ ദർശൻ കോവിഡിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.