കണ്ണൂർ: പാനുണ്ടയിൽ ആർ.എസ്.എസ്. പ്രവർത്തകൻ മരിച്ചു. പുതിയവീട്ടിൽ ജിംനേഷാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. അതേസമയം, ജിംനേഷിന്റെ മരണകാരണത്തെച്ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്.
സി.പി.എം. പ്രവർത്തകർ മർദിച്ചതാണ് ജിംനേഷിന്റെ മരണത്തിന് കാരണമെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ പോലീസ് ഈ ആരോപണം നിഷേധിച്ചു. ജിംനേഷ് ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് പോലീസ് പറയുന്നത്. ആർ.എസ്.എസിന്റെ ആരോപണം സി.പി.എമ്മും നിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി പ്രദേശത്ത് ആർ.എസ്.എസ്-സി.പി.എം. സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ സഹോദരനെ പരിചരിക്കാനായാണ് ജിംനേഷ് ആശുപത്രിയിൽ എത്തിയതെന്നും ഇതിനിടെ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് പോലീസ് പറയുന്നത്.