ഗുരുവായൂർ: നാല് ദിവസംമുമ്പ് ജോലിക്കെത്തിയ വീട്ടിൽനിന്ന് മൂന്നര പവൻ മാല കവർന്ന സംഭവത്തിൽ ഹോം നഴ്സ് അറസ്റ്റിൽ. തമിഴ്നാട് ഗൂഡല്ലൂർ ചെമ്പാല എം.ജി.ആർ. നഗറിൽ 33കാരിയായ സുഗന്ധിയാണ് അറസ്റ്റിലായത്. പുറത്തുനിന്ന് വന്നവർ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞാണ് മാല കവർന്നതെന്ന് കള്ളക്കഥ മെനഞ്ഞുവെങ്കിലും പോലീസ് അന്വേഷണത്തിൽ സുഗന്ധി കുടുങ്ങുകയായിരുന്നു.
വാഹനാപകടം; ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു
വീടിന്റെ പരിസരത്ത് മാല കുഴിച്ചിട്ടതായി കണ്ടെത്തുകയും ചെയ്തു. താമരയൂർ വരലക്ഷ്മിയിൽ ശാന്തയുടെ മാലയാണ് മോഷ്ടിച്ചത്. മുറിയിൽ തലയിണയ്ക്കടിയിലായിരുന്നു മാല സൂക്ഷിച്ചിരുന്നത്. പുറത്തുനിന്നുവന്ന കള്ളൻ പുതപ്പിൽ മുളകുപൊടി ചേർത്ത് ഹോം നഴ്സിന്റെ മുഖത്തേക്ക് എറിഞ്ഞശേഷം മാല കവരുകയായിരുന്നുവെന്ന് ശാന്ത പോലീസിൽ പരാതി നൽകിയിരുന്നു.
പെരുമാറ്റത്തിൽ സംശയം തോന്നിയപ്പോഴാണ് ഹോംനഴ്സിനെ ചോദ്യം ചെയ്തത്. അതോടെ കുറ്റം സമ്മതിക്കുകയും ചെയ്തു. വീടിനുപിന്നിലെ മുളകുചെടിയുടെ ചട്ടിയിൽ മാല കുഴിച്ചിട്ടിരിക്കുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിൽ ഹോംനഴ്സ് തന്നെ ചട്ടിയിലെ മണ്ണുമാന്തി മാല പുറത്തെടുക്കുകയും ചെയ്തു.