പാലക്കാട്: പാലക്കാട് പുഴയില്‍ച്ചാടി ജീവനൊടുക്കിയ ശ്രമിച്ച യുവതിയുടെ മൃതദേഹം കണ്ടെത്തി. പട്ടാമ്പി പാലത്തിന് മുകളില്‍ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ പാലക്കാട് കൊപ്പം ആമയൂര്‍ സ്വദേശി രേഷ്മയാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രേഷ്മ പട്ടാമ്പി പാലത്തില്‍ നിന്നും താഴെ പുഴയിലേക്ക് ചാടിയത്.
യുവതി പുഴയിലേക്ക് ചാടുന്നത് ആരും കണ്ടിരുന്നില്ല. ബാഗും ചെരുപ്പും ഷാളും പാലത്തിന് സമീപം ഉപേക്ഷിച്ചായിരുന്നു യുവതി പുഴയിലേക്ക് ചാടിയത്. റോഡരികില്‍ ബാഗും ചെരിപ്പും ഷോളും കണ്ട് ഇതുവഴി പോയവര്‍ പൊലീസിലും ഫയര്‍ ഫോഴ്സിലും വിവരം അറിയിച്ചു.
also read: മഴയില്ല, ഇന്ദ്ര ദേവനെതിരെ കേസെടുക്കണം; കര്‍ഷകന്റെ കത്ത് വൈറല്‍
ഇന്നലെ രാത്രി തന്നെ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും സ്ഥലത്ത് പരിശോധന തുടങ്ങിയിരുന്നു. എന്നാല്‍ വെളിച്ചക്കുറവ് മൂലം രാത്രി വൈകി തിരച്ചില്‍ നിര്‍ത്തി. ഇന്ന് രാവിലെ തെരച്ചില്‍ വീണ്ടും തുടങ്ങി. ഈ ഘട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രി എട്ട് മണിയോടെ, രേഷ്മയെ കാണാനില്ലെന്ന് കാണിച്ച് അമ്മ കൊപ്പം പൊലീസില്‍ പരാതി നല്‍കിയിരുന്നു. രേഷ്മയുടെ ബാഗില്‍ നിന്ന് കിട്ടിയ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ്. മരണ കാരണം വ്യക്തമല്ല.