നാഗര്‍കോവില്‍: വിവാഹത്തില്‍ നിന്നും പിന്മാറിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. നാഗര്‍കോവിലാണ് സംഭവം. നാഗര്‍കോവില്‍ വടശ്ശേരി സ്വദേശിയും ആരല്‍വായ്മൊഴി ഇഎസ്ഐ ആശുപത്രി ജീവനക്കാരനുമായ രതീഷ്കുമാറിനെ(35) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മണവാളക്കുറിച്ചി സ്വദേശി ഷീബ(37)യെയണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആശുപത്രി ജീവനക്കാരനാണ് രതീഷ് കുമാര്‍. വിവാഹിതയും 2 കുട്ടികളുടെ അമ്മയുമായ ഷീബയും രതീഷ്കുമാറും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. വിവാഹമോചിതയായാല്‍ ഷീബയെ വിവാഹം ചെയ്യാമെന്ന് രതീഷ്കുമാര്‍ വാഗ്ദാനം നല്കി.
തുടര്‍ന്ന് വിവാഹമോചിതയായ ഷീബയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞതില്‍ നിന്ന് രതീഷ്കുമാര്‍ പിന്‍വാങ്ങി. ഇതിനിടെ കഴിഞ്ഞ വര്‍ഷം രതീഷ്കുമാര്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്ത വിവരം ഷീബയില്‍ നിന്ന് മറച്ചു വയ്ക്കുകയുണ്ടായി.
വിവാഹത്തിന് ശേഷം ഷീബയുമായി രതീഷ്കുമാര്‍ അകന്നു കഴിയുകയും ചെയ്തു. പലവട്ടം രതീഷ്കുമാറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഷീബയില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ഷീബ രതീഷ്കുമാറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.