ഇടുക്കി: വിവാഹ കൂദാശയ്ക്കിടെ കുഴഞ്ഞുവീണ പുരോഹിതൻ മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് പുരോഹിതൻ മരണത്തിന് കീഴടങ്ങിയത്. കുമളി തേക്കടി സെൻറ് ജോർജ് പള്ളിയിലാണ് സംഭവം.
സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയും മലങ്കര ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനത്തിലെ സീനിയർ വൈദികനുമായ എൻ പി ഏലിയാസ് കോർ എപ്പിസ്കോപ്പയാണു മരിച്ചത്. 67 വയസായിരുന്നു.
തിങ്കാളാഴ്ച്ച ഉച്ചകഴിഞ്ഞ് പള്ളിയിൽ വിവാഹ കൂദാശ നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ സംഭവം നടന്നത്. കൂദാശക്കിടെ വൈദികൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നിനാണ് വിവാഹ കൂദാശ ആരംഭിച്ചത്. 3.30 ഓടെ വൈദികൻ ആലയത്തിനുള്ളിൽ കുഴഞ്ഞു വീണു.
ഉടൻ തന്നെ വിവാഹ ചടങ്ങിൽ പങ്കെടുത്തവരുടെ നേതൃത്വത്തിൽ വൈദികനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. ഇരട്ടയാർ – ശാന്തിഗ്രാം സെൻറ് മേരിസ് ഓർത്തഡോക്സ് പള്ളിയാണ് മാതൃ ഇടവക. സംസ്കാരം പിന്നീട്.