കൊല്ലം: അതിക്രമിച്ച് വനത്തില്‍ പ്രവേശിച്ച് കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ച കേസില്‍ ഒളിവില്‍ പോയ യൂട്യൂബര്‍ അമല അനുവിനെ പിടികൂടാന്‍ സൈബര്‍ സെല്ലിന്റെ സഹായംതേടി വനംവകുപ്പ്. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് വീട്ടില്‍ പതിച്ചിട്ടും മറുപടിയില്ലാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.
കിളിമാനൂര്‍ സ്വദേശിയാണ് അമല. പുനലൂരിലെ മാമ്പഴത്തറ സംരക്ഷിതവനമേഖലയില്‍ അതിക്രമിച്ച് കയറിയ അമലയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസുള്ളത്. വനത്തിനുള്ളില്‍ അതിക്രമിച്ചു കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് അനുവിനെതിരെ ചുമത്തിയിരിക്കുന്നത്.
എട്ടു മാസം മുമ്പാണ് സംഭവം. യുട്യൂബില്‍ അപ്ലോഡ് ചെയ്ത ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അനുവിനെതിരെ അമ്പനാട് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ അജയകുമാറാണ് കേസെടുത്തിരിക്കുന്നത്.
പുനലൂരിനും തെന്മലയ്ക്കും ഇടയിലുള്ള സംരക്ഷിത വനമേഖലയിലൂടെ ഇവര്‍ യാത്ര ചെയ്യുകയും കാട്ടാന എവിടെയെന്നു കണ്ടെത്തിയശേഷം ആനയുടെ സമീപമെത്തി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു. വ്ലോഗറെ കാട്ടാന ഓടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.