പത്തനംതിട്ട: ഗര്‍ഭിണിയായ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബാംഗങ്ങള്‍. കോഴഞ്ചേരി സ്വദേശി അനിതയാണ് മരിച്ചത്. ഗര്‍ഭിണിയായ അനിതയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
ജൂണ്‍ 28നാണ് അനിത മരിച്ചത്. ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചിട്ടും നീക്കം ചെയ്യാതെയിരുന്നതാണ് അനിതയുടെ മരണത്തിന് കാരണമായത്. ഗര്‍ഭിണിയാണെന്ന വിവരം ദമ്പതികള്‍ മറ്റാരെയും അറിയിച്ചിരുന്നില്ല. അനിത അണുബാധയേറ്റ് മരിച്ച കേസില്‍ ഭര്‍ത്താവ് ജ്യോതിഷിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
also read: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസില്‍ മാംസം പൊതിഞ്ഞു നല്കി, കടയുടമ അറസ്റ്റില്‍
രണ്ട് മുറി വീട്ടില്‍ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനിതയും ഭര്‍ത്താവും കഴിഞ്ഞിരുന്നത്. ചെറിയ രണ്ടുമുറി വീട്ടില്‍ കഴിയുമ്പോഴും മകളെ ജ്യോതിഷ് ഉപദ്രവിച്ചിരുന്നത് വളരെ വൈകിയാണ് മാതാപിതാക്കള്‍ അറിഞ്ഞത്. മകള്‍ രണ്ടാമതും ഗര്‍ഭിണിയായത് പുറത്തറിയിക്കാതിരിക്കാന്‍ ജ്യോതിഷ് ശാരീരികമായി നിരന്തരം പീഡിപ്പിച്ചിരുന്നു.
മര്‍ദിക്കുന്നത് പുറത്തറിയാതിരിക്കാന്‍ വായില്‍ തുണി തിരുകിയായിരുന്നു പീഡനം. 35 പവന് സ്വര്‍ണവും കാറും നല്‍കിയാണ് താന്‍ മകളെ വിവാഹം കഴിപ്പിച്ചതെന്ന് മോഹനന് പറയുന്നു. പക്ഷേ അതെല്ലാം ജ്യോതിഷ് വിറ്റ് തുലച്ചു. മരുമകന് ഡ്രൈവറാണ് എന്ന് അറിഞ്ഞപ്പോള്‍ കാര്‍ ഓടിച്ചായാലും ജീവിക്കുമല്ലോ എന്ന പ്രതീക്ഷയിലാണ് വണ്ടി വാങ്ങി നല്‍കിയതെന്ന് മോഹനന് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഓട്ടം കിട്ടിയാല്‍ മറ്റ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിയും അതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് മദ്യപിക്കുകയുമാണ് ഇയാള്‍ ചെയ്ത് വന്നിരുന്നതെന്നും അനിതയുടെ വീട്ടുകാര്‍ പറയുന്നു. ഒരു ജോലിക്കും പോകാതെ കൂട്ടുകാരുമൊത്ത് കറങ്ങി നടക്കുമ്പോഴും വീട്ടുചെലവുകള്‍ക്കും മകളുടെയും മരുമകന്റെയും ആവശ്യങ്ങളും നിറവേറ്റിയിരുന്നത് താനായിരുന്നുവെന്ന് മോഹനന് പറയുന്നു.