പത്തനംതിട്ട: റാന്നി ഉതിമൂട്ടിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മണ്ണാരത്തറ സ്വദേശികളായ യദു കൃഷ്ണൻ, അയൽവാസിയും സുഹൃത്തുമായ സിജോ വർഗീസ് എന്നിവരാണ് മരിച്ചത്. രണ്ടുപേർക്കും 18 വയസായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ദാരുണമായ അപകടം നടന്നത്. ഇവർ സഞ്ചരിച്ച സ്കോർപിയോ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ സുരക്ഷാ ഇരുമ്പുവേലിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ രണ്ട് പേരും ഉടനടി പുറത്തേക്ക് തെറിച്ചുവീണു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാന്നി പോലീസ് എഎസ്ഐ കൃഷ്ണൻകുട്ടിയുടേയും റാന്നി മുൻസിപ്പൽ കോടതി ജീവനക്കാരി ജിതയുടേയും മകനാണ് യദു കൃഷ്ണൻ. എം.സി വർഗീസ്-ലിസി ദമ്പതികളുടെ മകനാണ് സിജോ.