കോട്ടയം: സ്കൂളിന് കാവല്‍ക്കാരനായി ഒരു തെരുവുനായ. കോട്ടയത്താണ് ഏറെ കൗതുകമുണര്‍ത്തുന്ന കാഴ്ച. ദാമോദരന്‍ എന്നും ദാമു എന്നും വിളിക്കുന്ന തെരുവുനായയാണ് സ്കൂളിനും സ്കൂളിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം പ്രിയങ്കരനായത്.
ഒരു വര്‍ഷം മുന്‍പാണ് ദാമു സ്കൂളിന് കാവല്‍ക്കാരനായത്. സെന്റ് ആന്റണീസ് സ്കൂളിലാണ് ദാമു കാവല്‍ നില്‍ക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കഴിഞ്ഞ് സ്കൂള്‍ തുറന്ന സമയത്താണു ദാമോദരനും സ്കൂളിലെത്തിയത്. സ്കൂളിലെ അനുസരണയുള്ള കാവല്‍നായയാണ് ദാമു.
സ്കൂളില്‍ തന്നെയാണ് ദാമോദരന്റെ താമസും ഭക്ഷണവുമെല്ലാം. സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണു കിടക്കുന്നത്. രാവിലെയും അവധി ദിവസങ്ങളിലും സ്കൂളിലെ താല്‍ക്കാലിക ജീവനക്കാരി അനുവിന്റെ വീട്ടില്‍ പോയാണ് ഭക്ഷണം കഴിക്കുന്നത്.
പ്രവൃത്തി ദിവസങ്ങളില്‍ കുട്ടികള്‍ നല്കുന്ന ഭക്ഷണമാണ് കഴിക്കുന്നത്. ശേഷം കുട്ടികള്‍ക്കൊപ്പം നടക്കുകയും കളിക്കുകയും ചെയ്യും. ഇതിനെല്ലാം പുറമെ, സ്കൂളിലെ ഉച്ചക്കഞ്ഞിയും കിട്ടും. രാത്രിയായാല്‍ സ്കൂള്‍ മുറ്റത്തു കൂടി സവാരി നടത്തിയ ശേഷമേ ദാമോദരന്‍ കിടക്കൂ.
രാത്രി സ്കൂള്‍ മുറ്റത്തേക്ക് ആരെയും കടത്തിവിടില്ല. തെരുവുനായ്ക്കളെ പോലും കയറ്റിവിടാന്‍ ദാമു തയ്യാറല്ല. പൂര്‍ണമായി ശാന്തനായ ദാമോദരന്‍ ഇപ്പോള്‍ സ്കൂളിന്റെ ഭാഗമായി മാറിയെന്നു പ്രിന്‍സിപ്പല്‍ ജോബിച്ചന് ജോസഫ് പറഞ്ഞു. അധ്യാപകര്‍ക്കും ഏറെ പ്രിയപ്പെട്ടവനാണ്.