കൊച്ചി: വേണ്ടത്ര തെളിവുകള്‍ ഇല്ലാതെയാണ് ശിക്ഷിച്ചതെന്ന് ആരോപിച്ച് കൊല്ലം വിസ്മയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി കിരണ്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍.
അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ 10 വര്‍ഷം കഠിന തടവ് അനുഭവിക്കണമെന്നും പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണമെന്നുമായിരുന്നു വിചാരണക്കോടതി ഉത്തരവ്.
also read: ‘ഏത് വകുപ്പ് പ്രകാരം കേസെടുക്കും?’; അനായാസം സ്വര്‍ണ്ണം കടത്തി ഉറുമ്പിന് കൂട്ടം, വൈറല്‍ വീഡിയോ ഇതാ!
വിവിധ വകുപ്പുകളിലായി 25 വര്‍ഷം തടവ് പ്രതിക്ക് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ടായിരുന്നു. 2021 ജൂണിലാണ് കൊല്ലം സ്വദേശിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതല്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. 100 പവന് സ്വര്‍ണവും ഒന്നേ കാല് ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകള്‍ക്കൊപ്പം സ്ത്രീധനമായി നല്‍കിയാണ് വിസ്മയയെ കിരണ്‍ കുമാറിന് വിവാഹം ചെയ്ത് നല്‍കിയത്.