പാലക്കാട്: പാലക്കാട് ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. ധോണി സ്വദേശിനി അജിഷയെയാണ് തേനൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ചികിത്സയില്‍ കഴിയവെയാണ് മരണം. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് മുപ്പത്തിരണ്ടുകാരിയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സംഭവദിവസം രാവിലെ അമ്മ വസന്തയെവിളിച്ച് തേനൂരിലെ വീട്ടിലെത്താന്‍ അജിഷ ആവശ്യപ്പെട്ടിരുന്നു. ഇതേദിവസംതന്നെ ”മമ്മിയെ പപ്പ ശല്യംചെയ്യുന്നു, പോയി ചത്തൂടെ” എന്ന് ചോദിക്കുന്നുവെന്ന് അജിഷയുടെ മക്കള്‍ വസന്തയ്ക്ക് വാട്സാപ്പില്‍ ശബ്ദസന്ദേശവും അയച്ചിരുന്നു.
also read: ഹൃദയാഘാതം; മലയാള സിനിമാ നടി അംബിക റാവു അന്തരിച്ചു
വീട്ടിലെ അടുക്കളയില്‍ തൂങ്ങിയ അജിഷയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ രാത്രി പത്തിനാണ് മരണം സ്ഥിരീകരിച്ചത്. വിഷം കഴിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അജിഷയുടെ ഭര്‍ത്താവ് പ്രമോദ് കരിമ്പ ഗ്രാമപ്പഞ്ചായത്തിലെ യു.ഡി. ക്ലാര്‍ക്കാണ്. മക്കള്‍: റോഹന്‍ മാധവ്, റിദ്വിന് മാധവ്.
അജിഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം മങ്കരപോലീസില്‍ പരാതി നല്കി. അജിഷയും ഭര്‍ത്താവ് പ്രമോദും തമ്മില്‍ നിരന്തരം വഴക്കായിരുന്നെന്ന് ഇവര്‍ പറയുന്നു. രണ്ടാഴ്ചമുമ്പുണ്ടായ വഴക്കില്‍ അജിഷയുടെ കൈയൊടിഞ്ഞിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.