കൊച്ചി: താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് നടനും എംഎൽഎയുമായ ഗണേഷ് കുമാർ. അതിജീവിത പറയുന്ന കാര്യങ്ങൾ സംഘടന ശ്രദ്ധിക്കണമെന്നും സംഘടന മറുപടി നൽകണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. അമ്മ സംഘടനയെ ക്ലബിനോട് താരതമ്യം ചെയ്ത ഇടവേള ബാബുവിന്റെ പരാമർശത്തെയും ഗണേഷ് കുമാർ വിമർശിച്ചു.
അതിജീവിത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം. അതിജീവിത പറഞ്ഞ വിഷയത്തിൽ അമ്മ മറുപടി നൽകണം. ആരോപണ വിധേയൻ ഗൾഫിലേക്ക് പോയപ്പോൾ ഇടവേള ബാബു ഒപ്പമുണ്ടായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ആരോപണ വിധേയൻ നിരവധി ക്ലബുകളിൽ അംഗമാണെന്ന് അമ്മ പറയുന്നത് ആർക്ക് വേണ്ടി. ക്ലബ് ആണെന്ന് ഇടവേള ബാബു പറഞ്ഞപ്പോൾ പ്രസിഡന്റിന് തിരുത്താമായിരുന്നു. അമ്മ ചാരിറ്റബിൾ സൊസൈറ്റിയാണ് ക്ലബ് അല്ല. ഇടവേള ബാബു മാപ്പ് പറയണം- ഗണേഷ് കുമാർ പറഞ്ഞു.
വിഷയത്തിൽ ഇടവേള ബാബു മാപ്പ് പറയണമെന്നും ദിലീപ് രാജിവച്ചപോലെ വിജയ് ബാബു രാജിവയ്ക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. നടൻ ഷമ്മി തിലകനെതിരേയുള്ള നടപടിയ്ക്ക് എതിരേയും ഗണേഷ് കുമാർ പ്രതിഷേധിച്ചു.