കോട്ടയം: ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത് ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശി നാസര്‍ ആണ് അറസ്റ്റിലായത്. നാസറിന്റെ ഭാര്യ അനീഷ (21) കഴിഞ്ഞ ജൂലൈയിലാണ് ജീവനൊടുക്കിയത്.
അനീഷയെ നാസര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്. അനീഷ മരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നാസറിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പിതാവ് റഹ്മത്ത് അലി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
പിന്നീട് കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മാനസിക പീഡനം വ്യക്തമായി.
നാസര്‍ അനീഷയുമായി വഴക്കുണ്ടാക്കുന്നത് സ്ഥിരമായിരുന്നെന്നും നാസറിനെതിരെ പയ്യോളി സ്റ്റേഷനില്‍ നിരവധി കേസുകളുണ്ടായിരുന്നെന്നും കുടുംബം പറയുന്നു.
അനീഷയ്ക്കെതിരെ അപവാദ പ്രചാരണങ്ങള്‍ കൂടി ആരംഭിച്ചതോടെ മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.