ഷൊര്‍ണൂര്‍: കുരുന്നു ജീവന് തുണയായി വ്യവസായിയും ലുലുഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. അപൂര്‍വമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് എം എ യൂസഫലി 25 ലക്ഷം രൂപ നല്‍കും. 16 കോടി രൂപയുടെ ചികിത്സയാണ് ഗൗരി ലക്ഷ്മിക്ക് വേണ്ടത്.
ഷൊര്‍ണൂര്‍ കല്ലിപ്പാടം കുന്നത്ത് ഹൗസില്‍ ലിജുവിന്റെയും നിതയുടെയും മകളാണ് ഗൗരീലക്ഷ്മി. ലിജു ശാരീരികവെല്ലുവിളി നേരിടുന്നയാളാണ്. രണ്ടു മാസത്തിനകം ജീന്‍ തെറാപ്പി ചികിത്സ ലഭിച്ചാല്‍ കുഞ്ഞിന് സാധാരണജീവിതം ലഭിക്കും. എന്നാല്‍ 16 കോടിരൂപ ചെലവുള്ള ചികിത്സ താങ്ങാനുള്ള ശേഷി കുടുംബത്തിനില്ല. രണ്ടുവയസ്സിനകം ചികിത്സ ലഭിക്കണം. കുട്ടിക്ക് ഇപ്പോള്‍ ഒരു വയസ്സും പത്തുമാസവുമായി.
16 കോടി രൂപയുടെ മരുന്നെത്തിച്ച് ചികിത്സ നടത്തേണ്ട സാഹചര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ലുലു ഗ്രൂപ്പ് ചെയര്മാന് സഹായം നല്കാന് നിര്‍ദേശിച്ചിരിക്കുന്നത്. കല്ലിപ്പാടത്തെ ഗൗരിലക്ഷ്മിയുടെ വീട്ടിലെത്തി ചെക്ക് കൈമാറുമെന്ന് ലുലു ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.
ചികിത്സയ്ക്കായി 13 കോടി രൂപ ഇതുവരെ സമാഹരിച്ചിട്ടുണ്ട്. മരുന്നെത്തിക്കാനായി യു എസിലെ കമ്പനിയിലേക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തുവെന്ന് ലുലു ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടം നല്‍കേണ്ട തുകയും കൈമാറി.