തിരുവനന്തപുരം: കളരി പഠിക്കാനെത്തിയ 14 വയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ ഗുരുക്കൾ അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശി പുഷ്പരാജ് എന്ന് വിളിക്കുന്ന പുഷ്പാകരൻ ആണ് പിടിയിലായത്. 62 വയസാണ്.
ചേർത്തല നഗരസഭ പരിധിയിൽ ഇരുപത്തിനാലാം വാർഡിൽ സെന്റ് മാർട്ടിൻ പ്രദേശത്ത് വാടകയ്ക്ക് താമസിച്ച് കളരി അഭ്യസിപ്പിക്കുകയായിരുന്നു പുഷ്പാകരൻ.
കുട്ടി കളരി പഠിക്കാൻ പോകാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുഷ്പാകരനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ചേർത്തലയുടെ വിവിധസ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ച് ഇയാൾ കളരി പരിശീലനം നടത്തിയിരുന്നതായി ചേർത്തല പൊലീസ് വ്യക്തമാക്കി.