തിരുവനന്തപുരം: ” സര്, എന്റെ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എന്തെങ്കിലും സഹായം ചെയ്യുമോ” എന്ന് നെഞ്ചുപൊട്ടുന്ന വേദനയോടെ അപേക്ഷിച്ച മകനെ എം.എ.യൂസഫലി കൈവിട്ടില്ല. സൗദിയില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എത്രവേഗത്തില്‍ നടപടി സ്വീകരിക്കുമെന്ന് എംഎ യൂസഫലി ഉറപ്പുനല്‍കി.
തിരുവനന്തപുരം കരകുളം ചെക്കക്കോണം കോഴിയോട് ബാബു സദനത്തില്‍ എബിനാണ് അച്ഛന് ബാബുവിന്റെ അപകട വിവരം യൂസഫലിയോട് പറഞ്ഞത്. നിയമസഭാ മന്ദിരത്തില്‍ ലോകകേരള സഭയുടെ ഭാഗമായ ഓപ്പണ്‍ ഫോറത്തിലാണ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ നോര്‍ക്ക റൂട്സ് വൈസ് ചെയര്മാന് എം.എ.യൂസഫലിയോട് എബില്‍ സഹായം അഭ്യര്‍ത്ഥിച്ചത്.
also read: തെരുവുനായയുടെ കടിയേറ്റു, ആരോടും പറയാതെ മറച്ചുവെച്ചു; 65കാരി പേ വിഷബാധയേറ്റ് മരിച്ചു
” സര്, എന്റെ അച്ഛന് സൗദിയിലെ ഖമിസ് മുശൈത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ കഴിഞ്ഞയാഴ്ച കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു . ജോലി ചെയ്തിരുന്ന സ്പോണ്‍സറുടെ കീഴില്‍ നിന്നു രണ്ടു വര്‍ഷം മുന്‍പ് അദ്ദേഹത്തെ ഒഴിവാക്കിയതാണ്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി വഴി മാത്രമേ കഴിയൂ എന്നറിഞ്ഞ് നോര്‍ക്ക റൂട്സ് മുഖേന അപേക്ഷ നല്‍കിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമോ?”- ഇതായിരുന്നു എബിന്റെ ചോദ്യം.
വേദിയില്‍ മൈക്കിനു മുന്നില്‍ നിന്നു തന്നെ യൂസഫലി പിഎയെ വിളിച്ചു. വിവരങ്ങള്‍ ശേഖരിച്ച് ഉടന്‍ സൗദിയില്‍ ബന്ധപ്പെടാന്‍ നിര്‍ദേശം നല്കി. ഓപ്പണ്‍ ഫോറത്തിന്റെ ഭാഗമായ സംവാദത്തില്‍ മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്കുന്നതിനിടയില് അദ്ദേഹത്തിന്റെ സഹായികള്‍ സൗദിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് യൂസഫലിക്കു കൈമാറി.
” ഒരു മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ അയച്ചിട്ടുണ്ട്. എത്രയും വേഗം നടപടിയെടുക്കണം. എന്തു ബുദ്ധിമുട്ടുണ്ടായാലും രണ്ടു ദിവസത്തിനുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കണം. അതിനായി ഏത് ഓഫിസിലും ഞാന്‍ നേരിട്ടു വിളിച്ചുകൊള്ളാം”- മൈക്കിനു മുന്നില്‍ എല്ലാവരെയും സാക്ഷിയാക്കി യൂസഫലി നിര്‍ദേശം നല്കിയപ്പോള് സദസ്സില്‍ കയ്യടി നിറഞ്ഞു. അച്ഛനെ അവസാനമായി കണ്ട് ആചാരപ്രകാരം വിടനല്കാന് കഴിയുമെന്നുറപ്പായപ്പോള്‍ എബിനും വികാരാധീനനായി.