തിരുവനന്തപുരം: കല്യാണ ആല്‍ബത്തിലെ ഫോട്ടോയിലെ നിരാശ കലര്‍ന്ന മുഖഭാവം തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയായ വൈ.എസ് രജിതയെ ഒരുപാട് വേദനിപ്പിച്ചിരുന്നു. അത് ഒരു നോവായി രജിതയ്ക്കുള്ളില് കിടക്കുകയായിരുന്നു. ആ സങ്കടം തിരിച്ചറിഞ്ഞ ഭര്‍ത്താവ് അനീഷ് വിവാഹ ആല്‍ബവും വീഡിയോയും പുനരാവിഷ്കരിച്ച് രജിതയെ ഞെട്ടിച്ചിരിക്കുകയാണ്.
വിവാഹ വാര്‍ഷിക ദിനത്തിലാണ് അനീഷ് രജിതയ്ക്കൊരു കിടിലന്‍ സര്‍പ്രൈസ് ഒരുക്കിയത്. വിവാഹ ആല്‍ബവും വീഡിയോയും പുനരാവിഷ്കരിച്ചു. ഇതിനെല്ലാം സാക്ഷിയായി ഇവരുടെ ഏഴു വയസുകാരിയായ മകള്‍ അമ്മുവുമുണ്ടായിരുന്നു. 2014 ഡിസംബര്‍ 29-നായിരുന്നു അനീഷിന്റേയും രജിതയുടേയും വിവാഹം.
also read: രണ്ടുവയസ്സുകാരന് ക്രൂരമര്‍ദനം, ആന്തരികാവയവങ്ങളില്‍ പരിക്ക്, പരിചരിക്കാനെത്തിയ യുവതി അറസ്റ്റില്‍
പ്രണയവിവാഹമായിരുന്നു. വിവാഹ സമയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു അനീഷ്. രജിത എംകോം വിദ്യാര്‍ഥിനിയും. വിവാഹത്തിന് വീട്ടുകാരുടെ എതിര്‍പ്പുവന്നു. എന്നാല്‍ ഒളിച്ചോടാന്‍ രണ്ടുപേരും തയ്യാറായിരുന്നില്ല. ഒടുവില്‍ അനീഷിന്റെ വീട്ടുകാര്‍ രജിതയുടെ വീട്ടില്‍ പെണ്ണു ചോദിച്ചെത്തി.
ചടങ്ങുകള്‍ ഒന്നും നടത്തില്ലെന്നും വീട്ടില്‍ വന്ന് കൂട്ടിക്കൊണ്ടുപോകാനായിരുന്നു രജിതയുടെ വീട്ടുകാരുടെ നിര്‍ദേശം. അങ്ങനെ അടുത്ത ദിവസം രജിതയെ വിളിച്ചിറക്കി കൊണ്ടുവന്നു. ഏതാനും ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹം നടന്നു. എന്നാല്‍ സ്വന്തം വീട്ടുകാരില്ലാത്തതിന്റെ സങ്കടത്തിലായിരുന്നു അന്ന് രജിത.
ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴെല്ലാം കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് നിന്നത്. വിവാഹ ആല്‍ബത്തിലെ എല്ലാ ചിത്രങ്ങളിലും ഇതു കാണാം. ഇന്ന് ഈ ഫോട്ടോകള്‍ കാണുമ്പോള്‍ രജിതയ്ക്ക് വലിയ വേദനയാണ് തോന്നുന്നത്. ഇതിന് പരിഹാരമായാണ് അനീഷ് വിവാഹ ആല്‍ബവും വീഡിയോയും പുനരാവിഷ്കരിച്ചത്.