തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.
സംസ്ഥാനത്തു തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണ ജൂണ്‍ ഒന്നിനു തുടങ്ങേണ്ട കാലവര്‍ഷം മൂന്നു ദിവസം മുമ്പേയാണ് എത്തിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇതു മൂന്നാം തവണയാണ് ജൂണ്‍ ഒന്നിനു മുന്‍പ് കാലവര്‍ഷം എത്തുന്നത്.
also read: ഓടുന്ന ട്രെയിനിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങി അഭ്യാസപ്രകടനം, പിടിവിട്ട് വീണ് 19കാരന് ദാരുണാന്ത്യം
2017, 2018 വര്‍ഷങ്ങളിലുമായിരുന്നു മുന്‍പ്. തുടക്കത്തില്‍ കാര്യമായ മഴ പ്രതീക്ഷിക്കേണ്ടെന്നും ജൂണ്‍ പകുതിയോടെ ശക്തമാകും എന്നുമാണ് കണക്കുകൂട്ടല്‍. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.