തിരുവനന്തപുരം: ഒന്നിച്ച് പിറന്ന നാലുകുരുന്നുകള്‍ ഒന്നിച്ച് സ്കൂളിലേക്ക്. നെടുമങ്ങാട് സ്വദേശികളായ ജിതിന്റെയും ആശാദേവിയുടെയും നാല് മക്കളാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്കൂള്‍ തുറക്കുമ്പോള്‍ ഒന്നിച്ച് സ്കൂളിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. ഒരു വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഒടുവിലാണ് മക്കളായ നാലുപേര്‍ ആദ്യമായി സ്കൂളിലേക്ക് പോകുന്നത്.
ഓരോ മിനുട്ട് വ്യത്യാസത്തിലാണ് ജിതിനും ആശാദേവിക്കും നാല് മക്കള്‍ പിറന്നത്. ഇപ്പോള്‍ നാല് മക്കളും ഒന്നിച്ച് സ്കൂളിലേക്ക് പോകാനൊരുങ്ങുമ്പോള്‍ ബാഗും കുടയും പുസ്തകങ്ങളൊക്കെ വാങ്ങി അവര്‍ക്കൊപ്പം കൂടുകയാണ് ദമ്പതികള്‍. കോവിഡ് പ്രതിസന്ധി കാരണം കുരുന്നുകള്‍ ആദ്യ പാഠങ്ങളൊക്കെയും ഓണ്‍ലൈനായാണ് പഠിച്ചത്.
വട്ടപ്പാറ ലൂര്‍ദ് മൗണ്ട് സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥികളായാണ് ജൂണ്‍ ഒന്നിന് പ്രവേശനം നേടുന്നത്. ഇപ്പോള്‍ സ്കൂളിലേക്ക് പോകുമ്പോള്‍ സുഹൃത്തുക്കളൊക്കെ ഇവര്‍ക്ക് പുതിയതാണ്. സ്കൂളിലെത്തി പുതിയ കൂട്ടുകൂടാനുള്ള ആവേശത്തിലാണ് നാല്‍വര്‍ സംഘം.
നാലുപേര്‍ക്കും പരസ്പരം കാണാതിരിക്കാന്‍ കഴിയില്ലെന്ന് അച്ഛന് ജിതിന് പറയുന്നു. അസുഖം വന്നാല്‍ അതും നാലുപേര്‍ക്കും ഒന്നിച്ചായിരിക്കുമെന്നും മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.