നെടുമങ്ങാട്: മുട്ടക്കറിയില്‍ ചത്ത അട്ടയുടെ അവശിഷ്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് നെടുമങ്ങാട് ജില്ല ആശുപത്രിയിലെ കുടുംബശ്രീ ക്യാന്റീന് നഗരസഭ പൂട്ടിച്ചു. ആശുപത്രിയിലെ ജീവനക്കാരി വാങ്ങിയ കറിയില്‍ ചത്ത അട്ട കിടക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ആരോഗ്യവിഭാഗം പരിശോധന നടത്തിയിരുന്നു.
അതേസമയം, ഇത് സംബന്ധിച്ച് ആരും പരാതി നല്‍കിയിരുന്നില്ല. ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ആരോഗ്യവിഭാഗം ആശുപതി ക്യാന്റീനില്‍ പരിശോധന നടത്തുകയായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അടുക്കള പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുകയും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ഇവിടെ ജ്യൂസ് ഉണ്ടാക്കുന്നതിനായി സൂക്ഷിച്ചിരുന്ന അഴുകിയ പഴവര്‍ഗങ്ങളും കണ്ടെത്തി. ക്യാന്റീന് ആറുമാസം മുമ്പാണ് കുടുംബശ്രീക്ക് വിട്ടുനല്‍കിയത്. ആരോഗ്യവിഭാഗം രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ലൈസന്‍സില്ലാതെയാണ് ക്യാന്റീന് ഇത്രയും ദിവസം പ്രവര്‍ത്തിച്ചുവന്നതെന്ന് കണ്ടെത്തി.
മാലിന്യസംസ്കരണം ഉള്‍പ്പെടെയുള്ള ന്യൂനതകള്‍ പരിഹരിക്കണമെന്ന് നോട്ടീസ് നല്കി നെടുമങ്ങാട് മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം ക്യാന്റീന് അടപ്പിച്ചു. ആശുപത്രിയില്‍ വരുന്ന നൂറുകണക്കിന് രോഗികളാണ് കുടുംബശ്രീ നടത്തിവന്നിരുന്ന ഈ ക്യാന്റീനെ ദിനവും ആശ്രയിച്ചിരുന്നത്.