കോട്ടയം: ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലെ വലയില്‍ കുടുങ്ങിയ പ്രാവിനെ സാഹസികമായി രക്ഷപ്പെടുത്തി. കോട്ടയത്തെ ലോഗോസ് ജംക്ഷനു സമീപത്തെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിലാണ് പ്രാവ് കുടുങ്ങിയത്. അരമണിക്കൂര്‍ നീണ്ട കഠിന ശ്രമഫലമായി ഫയര്മാന് വി. നിഖില്കുമാറാണ് പ്രാവിനെ രക്ഷിച്ചത്.
അഞ്ചാം നിലയില്‍ നിന്ന് കയറില്‍ തൂങ്ങിയിറങ്ങിയാണ് നിഖില്‍ പ്രാവിനെ രക്ഷിച്ച് മൃഗാശുപത്രിയില്‍ എത്തിച്ചത്. സമീപത്തെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് പ്രാവ് കുടുങ്ങിയത് ശ്രദ്ധിച്ചത്. ചത്തുകിടക്കുകയാണെന്നാണ് ഇവര്‍ കരുതിയത്.
ചിറകടിക്കുന്നത് ഇന്നലെ ശ്രദ്ധയില്‍പെട്ടതോടെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഉടമ വിദേശത്തായതിനാല്‍ ഫ്ലാറ്റ് തുറക്കാന്‍ കഴിഞ്ഞില്ല. ബാല്‍ക്കണിയില്‍ നിന്ന്, പൈപ്പില്‍ ഘടിപ്പിച്ച വാള് ഉപയോഗിച്ച് വല മുറിച്ച് മാറ്റി പ്രാവിനെ രക്ഷിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ വാള് നിലത്തുവീണു, ഇതോടെ അരയില്‍ ബന്ധിച്ച കയറിന്റെ സഹായത്തോടെയാണ് നിഖില്‍ അഞ്ചാം നിലയില്‍ നിന്ന് ഊര്‍ന്നിറങ്ങി പ്രാവിനെ രക്ഷിച്ചത്. താഴെയെത്തിച്ച ശേഷമാണ്, പ്രാവിന്റെ കാലിലും കഴുത്തിലും കുരുങ്ങിയ വല മുറിച്ചുനീക്കിയത്. വെള്ളം കുടിപ്പിച്ചെങ്കിലും പറക്കാന്‍ കഴിയാത്ത വിധം പ്രാവ് അവശതയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം പ്രാവ് സുഖംപ്രാപിച്ച് വരികയാണ്.